പിണങ്ങോട് അബൂബക്കര്‍ ഹാജി ഓര്‍മയായിട്ടു ഒരു വര്‍ഷം

പിണങ്ങോട് അബൂബക്കര്‍ ഹാജിയുടെ ഖബറിടത്തില്‍ പാണക്കാട് സഹീറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ എസ്.എം.എഫ് പ്രവര്‍ത്തകര്‍ പ്രാര്‍ഥന നടത്തുന്നു.

കല്‍പറ്റ:എസ്.എം.എഫ് വയനാട് ജില്ലാ പ്രസിഡന്റും സമസ്തയുടേയും പോഷക പ്രസ്ഥാനങ്ങളുടെയും മുന്നണി പ്പോരാളിയുമായിരുന്ന പിണങ്ങോട് അബൂബക്കര്‍ ഹാജി ഓര്‍മയായിട്ടു ഇന്നേക്കു ഒരു വര്‍ഷം. സുപ്രഭാതം ദിനപത്രം റസിഡന്റ് എഡിറ്ററായിരുന്ന ഹാജി കഴിഞ്ഞ റംസാന്‍ ആറിനാണ് വിടപറഞ്ഞത്. ഒന്നാമത് ആണ്ടിനോടനുബന്ധിച്ച് എസ്.എം.എഫ് ജില്ലാ ഭാരവാഹികള്‍ പിണങ്ങോട്ടെ വസതിയിലും ഖബറിടത്തിലും പ്രാര്‍ഥന നടത്തി. ഖബറിടത്തില്‍ പ്രാര്‍ഥനയ്ക്ക് പാണക്കാട് സയ്യിദ് സഹീറലി ശിഹാബ് തങ്ങളും വസതിയില്‍ സമസ്ത ജില്ലാ സെക്രട്ടറി എസ്.മുഹമ്മദ് ദാരിമിയും നേതൃത്വം നല്‍കി.
പി.സി.ഇബ്രാഹിം ഹാജി, ഹാരിസ് ബാഖവി കമ്പളക്കാട്, കാഞ്ഞായി ഉസ്മാന്‍, പി.പി.കാസിം, പി.സുബൈര്‍ ഹാജി, മനാഫ് പിണങ്ങോട്, അസ്‌ലം തങ്ങള്‍, കെ.പി.അന്‍വര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ന് ജില്ലയിലെ മുഴുവന്‍ പള്ളികളിലും തറാവീഹിനുശേഷം പിണങ്ങോട് അബൂബക്കര്‍ ഹാജിക്കുവേണ്ടി പ്രത്യേക പ്രാര്‍ഥനാസദസ്സ് സംഘടിപ്പിക്കണമെന്ന് മഹല്ല് ഭാരവാഹികളോടും ഖത്തീബുമാരോടും എസ്.എം.എഫ് ജില്ലാ നേതാക്കള്‍ നിര്‍ദേശിച്ചു.
എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, സമസ്ത ലീഗല്‍ സെല്‍ ജനറല്‍ കണ്‍വീനര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം, സുന്നി അഫ്കാര്‍ വാരിക മാനേജിംഗ് എഡിറ്റര്‍, സമസ്ത വയനാട് ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍, സമസ്ത ലീഗല്‍ സെല്‍ വയനാട് ജില്ലാ ചെയര്‍മാന്‍, ദാറുല്‍ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി മാനേജിംഗ് കമ്മിറ്റി അംഗം, വെങ്ങപ്പള്ളി ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമി ട്രഷറര്‍, വാകേരി ശിഹാബ് തങ്ങള്‍ അക്കാദമി രക്ഷാധികാരി, കണിയാപുരം ഖാദിരിയ്യ ട്രസ്റ്റ് അംഗം, വയനാട് മുസ്ലിം ഓര്‍ഫനേജ്, താനൂര്‍ ഇസ്ലാഹുല്‍ ഉലൂം ജനറല്‍ ബോഡി അംഗം, വെങ്ങപ്പള്ളി പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ്, പിണങ്ങോട് പുഴക്കല്‍ മഹല്ല് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നതിനിടെയായിരുന്നു അബൂബക്കര്‍ ഹാജിയുടെ നിര്യാണം. ബഹ്റൈന്‍ പ്രതിരോധ സേനയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അബൂബക്കര്‍ ഹാജി അഞ്ചു പതിറ്റാണ്ടിലധികം സുന്നി സാഹിത്യ രംഗത്ത് നിറസാനിധ്യമായിരുന്നു. ഏഴ് ചരിത്ര പുസ്തകങ്ങള്‍ ഉള്‍പ്പെടെ അന്‍പതിലധികം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles