പ്രതീക്ഷയുടെ താരാട്ടായി ജനനി

കല്‍പറ്റ: കുട്ടികളില്ലാത്തവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഹോമിയോ വകുപ്പ് നടപ്പിലാക്കുന്ന വന്ധ്യത നിവാരണ പദ്ധതി ‘ജനനി’ പ്രതീക്ഷയാകുന്നു. മാനന്തവാടി അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടത്തിയ വിദഗ്ദ്ധ വന്ധ്യതാ ചികിത്സ ഒട്ടേറെ പേര്‍ക്ക് ആശ്വാസമാകുന്നു. 2019ല്‍ തുടങ്ങിയ ചികിത്സയിലൂടെ 39 ദമ്പതികള്‍ക്കാണ് ഇവിടെ കുട്ടികള്‍ പിറന്നത്. 320 ലധികം പേര്‍ ഇവിടെ ചികിത്സയിലാണ്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് ഇവിടെ ജനനി പദ്ധതിയുടെ ഒ.പി പ്രവര്‍ത്തനം. വിവാഹിതരായി വര്‍ഷങ്ങള്‍ക്ക് ശേഷവും കുട്ടികളില്ലാതെ വിഷമിക്കുന്നവരാണ് ഇവിടെ ചികിത്സക്കെത്തുന്നത്. ചികിത്സയ്ക്കെത്തുന്ന ഓരോ ദമ്പതികളെയും വിശദമായ കേസ് പഠനത്തിലൂടെ ആധുനിക പരിശോധന സംവിധാനങ്ങളുടെ സഹായത്തോടെ വന്ധ്യതയുടെ കാരണങ്ങള്‍ കണ്ടെത്തിയാണ് ചികിത്സ നല്‍കുന്നത്. ദമ്പതികളുടെ മാനസികാരോഗ്യത്തിനായി ഒരു സൈക്കോളജിസ്റ്റിന്റെ സേവനവും ഇവിടെ നിന്നും ലഭിക്കും. ആവശ്യക്കാരായ രോഗികള്‍ക്ക് സൗജന്യമായി പ്രെഗ്‌നന്‍സി കിറ്റുകളും ജനനി വഴി നല്‍കുന്നുണ്ട്. ജില്ലയില്‍ ഇതുവരെ 773 ദമ്പതികള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ ഫലപ്രദമായ വന്ധ്യതാ ചികിത്സയാണ് ജനനിയിലൂടെ നല്‍കുന്നത്. സ്ത്രീകളുടെ മാനസികാരോഗ്യ ചികിത്സക്കായി ആരംഭിച്ച സീതാലയം പദ്ധതിയുടെ ഭാഗമായി 2014 ലാണ് വന്ധ്യതാ നിവാരണ ക്ലിനിക്കിന്റെ തുടക്കം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 14 ജനനി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തുകളില്‍ ബോധവത്കരണ ക്ലാസ്സുകളും, വന്ധ്യത കണ്ടെത്തുന്നതിനുള്ള മെഡിക്കല്‍ ക്യാമ്പുകളും ജനനി പദ്ധതിയുടെ ഭാഗമായി നടത്തിവരുന്നുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനനുസരിച്ചാണ് ഒ.പി അനുവദിക്കുക. ചികിത്സ ആവശ്യമുള്ളവര്‍ 04935227528 എന്ന നമ്പറില്‍ പ്രവൃത്തി ദിവസങ്ങളില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles