ആനപ്പേടിയില്‍ പഴയ വൈത്തിരി

മുള്ളന്‍പാറ പ്രദേശത്തെ ബഷീര്‍ സി.പിയുടെ വാഴകള്‍ ആന നശിപ്പിച്ച നിലയില്‍

വൈത്തിരി: ആന ശല്യത്തില്‍ നിന്ന് മുക്തമാകാതെ പഴയ വൈത്തിരി നിവാസികള്‍. വര്‍ഷങ്ങളായിട്ട് പ്രദേശത്തെ ജനങ്ങള്‍ അനുഭവിക്കുന്ന കാട്ടാനശല്യത്തിന് നാളിതുവരെയായി ഒരു പരിഹാരവുമായില്ലെന്ന് പ്രദേശത്തെ ജനങ്ങള്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഏറ്റവും ഒടുവിലായി ആനകള്‍ പ്രദേശത്ത് എത്തിയത്. ഒരു കുട്ടിയാന ഉള്‍പ്പെടെ ഏഴ് ആനകളാണ് കഴിഞ്ഞ ദിവസം രാത്രി പ്രദേശത്ത് എത്തിയത്. ചാരിറ്റി പള്ളിയുടെ പരിസരത്തു കൂടി കടന്നു വന്ന ആനകള്‍ പഴയ വൈത്തിരി അങ്ങാടിക്ക് സമീപമുള്ള കുരിശു പള്ളിയുടെ സമീപത്ത് എത്തിയത് പ്രദേശത്തെ ജനങ്ങളെ ഏറെ ഭീതിയിലാഴ്ത്തി. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവ കാടുകളിലേക്ക് മടങ്ങിയത്. നിരവധി കുടുംബങ്ങള്‍ വസിക്കുന്ന പ്രദേശത്ത് ആനശല്യം കാരണം ജനങ്ങള്‍ ഭയത്തോടെയാണ് കഴിയുന്നത്. രാത്രികാലങ്ങളിലാണ് ആനകള്‍ ഇറങ്ങുന്നത് എന്നതിനാല്‍ പ്രദേശത്തെ പലര്‍ക്കും അത്യാവശ്യ കാര്യങ്ങള്‍ക്കും മറ്റും പുറത്തു പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. വനം വകുപ്പിന്റെ രാത്രികാല പെട്രോളിംഗ് ഇല്ലാത്തതാണ് ആനകള്‍ കൂട്ടത്തോടെ ജനവാസമേഖലകളിലേക്ക് ഇറങ്ങിവരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പഴയ വൈത്തിരിയിലെ വട്ടപ്പാറ, മുള്ളന്‍പാറ, ചാരിറ്റി എന്നി പ്രദേശങ്ങളിലാണ് ആനകളുടെ സാന്നിധ്യം പതിവായത്. ഇവിടങ്ങളില്‍ വിളകള്‍ നശിപ്പിക്കുന്നത് നിത്യസംഭവമമാണ്. കഴിഞ്ഞ ദിവസം മുള്ളന്‍പാറ പ്രദേശത്തെ ബഷീര്‍ സി.പിയുടെ വീട്ടു വളപ്പില്‍ കൃഷി ചെയ്ത വാഴകള്‍ ആന നശിപ്പിച്ചിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles