മികച്ച സ്ഥാപന പച്ചക്കറി തോട്ടം; സംസ്ഥാന പുരസ്‌കാരം വാഴവറ്റ ജ്യോതി നിവാസിന്

മന്ത്രി പി. പ്രസാദില്‍ നിന്നും ജ്യോതി നിവാസ് പ്രതിനിധികള്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

കല്‍പറ്റ: വാഴവറ്റ ജ്യോതി നിവാസിന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ മികച്ച സ്ഥാപന പച്ചക്കറി തോട്ടത്തിന്റെ 2020-21 വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരം ലഭിച്ചു. ചിങ്ങം ഒന്ന് കര്‍ഷക ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മന്ത്രി പി. പ്രസാദില്‍ നിന്നും സംഘടനാ പ്രതിനിധികള്‍ പുരസ്‌കാരം ഏറ്റുവാങ്ങി. മാനസിക ആരോഗ്യ കാരണങ്ങളാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കൂട്ടായ്മയില്‍ വിവിധ പദ്ധതികളാണ് സ്ഥാപനം നടപ്പിലാക്കിയിട്ടുളളത്. മത്സ്യകൃഷി, കന്നുകാലി പരിപാലനം, തൊണ്ട് തല്ലി ചകിരിയും മറ്റ് അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് മണ്ണിര കമ്പോസ്റ്റ്, ചവിട്ടി നിര്‍മ്മാണം, വിവിധതരം കൃഷി രീതികള്‍ പരിശീലിപ്പിക്കുകയും പങ്കാളികളാക്കുകയും നടപ്പിലാക്കുകയും ചെയ്തു വരുന്നു. 2020-2021 വര്‍ഷത്തില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും മുട്ടില്‍ കൃഷിഭവന്റെയും സഹകരണത്തോടെ നടപ്പിലാക്കിയ സ്ഥാപനതല പച്ചക്കറിതോട്ടം ജില്ലയിലും ഒന്നാംസ്ഥാനം കരസ്ഥമാക്കിയിരുന്നു. പയര്‍, പാവല്‍, കാബേജ്, ബീന്‍സ്, ബ്രോക്കോളി, ചീര, മത്തന്‍, പടവലം, വഴുതന, പച്ചമുളക്, മധുരക്കിഴങ്ങ്, ചേന, കപ്പ, ഇഞ്ചി, വാഴ തുടങ്ങിയ പ്രധാന ഇനങ്ങളും കൃഷി ചെയ്തിരുന്നു.
സ്ഥാപനത്തിന്റെ നേതൃത്വത്തിലുള്ള ഭിന്നശേഷി കൂടുംബശ്രീ യൂണിറ്റുകളായ നവജ്യോതി ജീവന്‍ജ്യോതി, സ്‌നേഹജ്യോതി എന്നീ യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 14 അംഗങ്ങള്‍ ചേര്‍ന്ന് ഡയറക്ടര്‍ ജോണി പള്ളിത്താഴത്തിന്റേയും സ്റ്റാഫ് അംഗങ്ങളുടേയും മേല്‍നോട്ടത്തില്‍ വഹിച്ച കഠിന പരിശ്രമത്തിന്റെ അംഗീകാരമാണ് ഈ അവാര്‍ഡെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. മുട്ടില്‍ കൃഷിഭവന്റെയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റേയും പൂര്‍ണ്ണ പിന്തുണയിലാണ് പദ്ധതി നടപ്പിലാക്കിയത്. മാനസികാരോഗ്യ പുനഃരധിവാസ പ്രവര്‍ത്തന മേഖലകളില്‍ ദേശീയ അന്തര്‍ദേശീയ തലത്തില്‍ നിരവധി പുരസ്‌കാരങ്ങളും സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles