എം.സി.ജോസഫൈന്‍ അന്തരിച്ചു

കണ്ണൂര്‍: സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയും സി.പി.എം കേന്ദ്ര സമിതിയംഗവുമായ എം.സി.ജോസഫൈന്‍(74) അന്തരിച്ചു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ ജോസഫൈന്‍ ഹൃദയാഘാതത്തെത്തുടര്‍ന്നു കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയിലാണ് മരിച്ചത്. മുരിക്കുംപാടം മാപ്പിളശേരി ചവര-മഗ്ദലേന ദമ്പതികളുടെ മകളാണ്. സി.ഐ.ടി.യു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട് പി.എ.മത്തായിയാണ് ഭര്‍ത്താവ്. മകന്‍: മനു പി.മത്തായി. മരുമകള്‍: ജ്യോത്സന.
വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് ജോസഫൈന്‍ പൊതുരംഗത്ത് എത്തിയത്. 1978ല്‍ സി.പി.എം അംഗത്വം ലഭിച്ചു. 1987ല്‍ സംസ്ഥാന കമ്മിറ്റിയിലും 2002ല്‍ കേന്ദ്ര കമ്മിറ്റിയിലും എത്തി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍, വിശാല കൊച്ചി വികസന അതോറിറ്റി ചെയര്‍പേഴ്സണ്‍, സംസ്ഥാന വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍ എംപ്ലോയീസ് യൂനിയന്‍ (സി.ഐ.ടി.യു) സെക്രട്ടറി, പ്രൈവറ്റ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു)പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 13 വര്‍ഷം അങ്കമാലി നഗരസഭാ കൗണ്‍സിലറായിരുന്നു. അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാമണ്ഡലങ്ങളിലേക്കും 1989ല്‍ ഇടുക്കി ലോക്സഭാമണ്ഡലത്തിലേക്കും മത്സരിച്ചിട്ടുണ്ട്.
2017 മാര്‍ച്ച് മുതല്‍ 2021 വരെയാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പദം അലങ്കരിച്ചത്. വിവാദങ്ങളില്‍ അകപ്പെട്ടതിനെത്തുടര്‍ന്നു പാര്‍ട്ടി നിര്‍ദേശപ്രകാരം പദവി ഒഴിയുകയായിരുന്നു.

Leave a Reply

Your email address will not be published.

Social profiles