ജാമ്യം അനുവദിച്ചത് ക്രമവിരുദ്ധമെന്ന്

കല്‍പറ്റ: നെയ്ക്കുപ്പ പണിയ കോളനിയിലെ മൂന്നു കുട്ടികളെ വയല്‍വരമ്പ് കേടുവരുത്തിയെന്നു ആരോപിച്ചു മര്‍ദിച്ച കേസില്‍ പ്രതിക്കു അറസ്റ്റു നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ജാമ്യം അനുവദിച്ച നടപടി ക്രമവിരുദ്ധമെന്നു ആരോപണം. ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എം.ഗീതാനന്ദന്‍, കുട്ടികളുടെ രക്ഷിതാക്കളായ മഞ്ജു, അനു, ഹരീഷ്, ബിന്ദു എന്നിവരാണ് ജാമ്യം അനുവദിച്ചതില്‍ അനൗചിത്യം ആരോപിച്ചത്.
മര്‍ദനക്കേസ് പ്രതി രാധാകൃഷ്ണനു മാനന്തവാടി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷന്റെ വീഴ്ചയാണ് ഇതിനിടയാക്കിയത്. കുട്ടികളെ മര്‍ദിച്ച കേസില്‍ പ്രതിയെ ഓഗസ്റ്റ് 17നാണ് അറസ്റ്റുചെയ്തത്. ഐ.പി.സി 324, പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ നിയമത്തിലെ 3(2) (എ) എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. അന്നുതന്നെ പ്രതിയെ റിമാന്‍ഡ് ചെയ്തു. മാനന്തവാടി സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ.എസ്.പിക്കു കൈമാറിയ കേസില്‍ തെളിവുകള്‍ ശേഖരിക്കുകയും സാക്ഷിമൊഴി രേഖപ്പെടുത്തുകയും ചെയ്യുംമുമ്പേ പ്രതിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചു. ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി അനുവദിച്ചു. കുട്ടികള്‍ക്ക് വേണ്ടി ഹാജരായ പ്രോസിക്യൂട്ടര്‍ പ്രതിഭാഗത്തിന്റെ അപേക്ഷയെ എതിര്‍ത്തില്ല. കുട്ടികള്‍ക്കെതിരേ നടന്നതു ക്രൂരമായ അതിക്രമമാണെന്ന വസ്തുത കോടതി മുമ്പാകെ മറച്ചുവെച്ചു.
നെയ്ക്കുപ്പയിലെ കുട്ടികള്‍ക്കുണ്ടായ ദുരനുഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പട്ടികവര്‍ഗ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ദുര്‍ബലരും പ്രത്യേക പരിരക്ഷ ആവശ്യമുള്ളവരുമായ കുട്ടികളാണ് ഇരകള്‍. കുട്ടികളില്‍ ഒരാള്‍ ഹദ്രോഗത്തിനു ശസ്ത്രക്രിയ കഴിഞ്ഞതാണെന്നു സമീപവാസിയുമായ പ്രതിക്കു അറിയാവുന്നതാണ്. കളിക്കുന്നതിനിടെ കുട്ടികള്‍ വയല്‍ വരമ്പ് നശിപ്പിച്ചു എന്ന പ്രതിയുടെ വാദം ശരിയല്ല. തോട്ടില്‍ മീന്‍ പിടിക്കുകയായിരുന്ന കുട്ടികളെ നേരത്തേ തയാറാക്കിവച്ച വടി ഉപയോഗിച്ച് പ്രതി പൊതിരെ തല്ലുകയായിരുന്നു. കുട്ടികളുടെ സാമൂഹികസാഹചര്യം കണക്കിലെടുത്താണ് കേസില്‍ എസ്.സി-എസ്.ടി അതിക്രമം തടയല്‍ നിയത്തിലെ വകുപ്പ് കൂട്ടിച്ചേര്‍ത്തത്. എന്നിട്ടും പ്രതിക്കു ശരവേഗത്തില്‍ ജാമ്യം ലഭിച്ചതു ദുരൂഹമാണ്. ജാമ്യം റദ്ദാക്കാനും കേസ് വസ്തുനിഷ്ഠമായി അന്വേഷിക്കാനും ഉത്തരവാദപ്പെട്ടര്‍ തയാറാകണമെന്നും ഗീതാനന്ദനും നെയ്ക്കുപ്പ കോളനിക്കാരും ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles