മണ്ണിടിച്ചില്‍ സാധ്യതാപ്രദേശങ്ങള്‍ കണ്ടെത്താന്‍ വിദഗ്ധ സമിതി:
ആക്ഷേപവുമായി പ്രകൃതി സംരക്ഷണ സമിതി

കല്‍പറ്റ: മണ്ണിടിച്ചില്‍ സാധ്യതാപ്രദേശങ്ങള്‍ കണ്ടെത്താന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വിദഗ്ധ സമിതിയെ നിയോഗിച്ചതില്‍ ആക്ഷേപവുമായി വയനാട് പ്രകൃതി സംരക്ഷണ സമിതി. ജില്ലയിലെ മണ്ണിടിച്ചില്‍ സാധ്യതാപ്രദശങ്ങള്‍ സംബന്ധിച്ചു 2010ല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സും 2018ല്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും പിന്നീട് ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് ബയോളജിയും പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. ഇതെല്ലാം അവഗണിച്ചു വിദഗ്ധ സമിതിയെ നിയോഗിച്ചതിനു പിന്നില്‍ നിര്‍മാണ രംഗത്തെ ചെറുനിയന്ത്രണങ്ങള്‍ പോലും മറികടക്കാനുള്ള ഗൂഢാലോചനയാണെന്നു പ്രകൃതി സമിതി ഭാരവാഹികളായ ബാബു മൈലമ്പാടി, തോമസ് അമ്പലവയല്‍, എന്‍. ബാദുഷ, പി.എം. സുരേഷ്, എ.വി. മനോജ്, സണ്ണി മരക്കടവ് എന്നിവര്‍ പറഞ്ഞു.
ഹൈഡ്രോളജിസ്റ്റ് കം ഭൂജല ജില്ലാ ഓഫീസര്‍, മണ്ണു സംരക്ഷണ പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടര്‍, ജില്ലാ ജിയൊളജിസ്റ്റ്, ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍, അമ്പലവയല്‍ ആര്‍എആര്‍എസിലെ മെറ്റീരിയോളജിസ്റ്റ്, ഹസാര്‍ഡ് അനലിസ്റ്റ് എന്നിവര്‍ അടങ്ങിയ കമ്മിറ്റിക്ക് മണ്ണിടിച്ചില്‍ സാധ്യതാപ്രദേശങ്ങള്‍ നിര്‍ണയിക്കുന്നതില്‍ എന്തു വൈദഗ്ധ്യമാണുള്ളതെന്നു ജില്ലാ ദുരന്ത നിവാരണ അതോറിട്ടി വ്യക്തമാക്കണമെന്നു അവര്‍ ആവശ്യപ്പെട്ടു.
ജില്ലാ ദുരന്ത നിവാരണ അതോറിട്ടി നേരത്തേ ബാധകമാക്കിയ കെട്ടിട നിര്‍മാണ നിയന്ത്രണം അട്ടിമറിക്കാന്‍ തത്പരകക്ഷികള്‍ രംഗത്തുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവിനു ജില്ലാ കളക്ടറില്‍ സമ്മര്‍ദമുണ്ട്. സെസ്, ജിഎസ്‌ഐ, എന്‍ഐടി എന്നിവിടങ്ങളിലെയും ദുരന്ത നിവാരണ രംഗത്തെയും വിദഗ്ധരടങ്ങിയെ സംഘത്തെയാണ് പ്രകൃതിദുരന്ത സാധ്യതാപഠനത്തിനു ചുമതലപ്പെടുത്തേണ്ടത്. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഭരണാധികാരികള്‍ തയാറാകണം.ജില്ലയിലെ വികസന പദ്ധതികള്‍ സമൂലം പൊളിച്ചെഴുതണം. ചെരിഞ്ഞ പ്രദേശങ്ങളില്‍ ഖനനവും മണ്ണിടിക്കലും നിരോധിക്കണമെന്നും സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles