പരിസ്ഥിതി കരുതല്‍ മേഖല: ഇടപെടുമെന്നു ജോസ് കെ. മാണി

കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സുല്‍ത്താന്‍ ബത്തേരിയില്‍ സംസ്ഥാന ചെയര്‍മാന്‍ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്യുന്നു.

സുല്‍ത്താന്‍ബത്തേരി: സംരക്ഷിത വനങ്ങളുടെ പരിസ്ഥിതി കരുതല്‍ മേഖല നിര്‍ണയം ജനസൗഹൃദമാക്കുന്നതിനു ഇടപെടുമെന്നു കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി. പാര്‍ട്ടി ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി കരുതല്‍ മേഖല കരടുവിജ്ഞാപനവും സുപ്രീം കോടതി ഉത്തരവും മലയോരമേഖലകളിലെ ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നതാണ്. ഇക്കാര്യം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെയും സെന്‍ട്രല്‍ എംപവേഡ് കമ്മിറ്റിയെയും ബോധ്യപ്പെടുത്തുന്നതിനു പരിശ്രമിക്കും. വനാതിര്‍ത്തിയില്‍നിന്നു ഒരു കിലോമീറ്റര്‍ അകത്തേക്കു കരുതല്‍ മേഖല നിശ്ചയിച്ച് സംരക്ഷിത സങ്കേതങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതാണ് ഉത്തമം. പരിസ്ഥിതി കരുതല്‍ മേഖല ഇപ്പോഴത്തെ നിലയില്‍ അപ്രഖ്യാപിത കുടിയൊഴിപ്പിക്കലാണെന്നും ജോസ് കെ. മാണി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, മുഹമ്മദ് ഇഖ്ബാല്‍, ടി.എസ്. ജോര്‍ജ്, റാണി വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles