വയനാട്ടിലെ ആകാശ ദ്വീപുകളില്‍ 45 ഇനം പക്ഷികള്‍

ബാണാസുര ചിലപ്പന്‍

കല്‍പറ്റ:സംസ്ഥാന വനം-വന്യജീവി വകുപ്പും ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫും വയനാട്ടില്‍ നടത്തിയ പക്ഷി സര്‍വേയില്‍ ആകാശ ദ്വീപുകളില്‍ മാത്രം ബാണാസുര ചിലപ്പനടക്കം 45 ഇനം പക്ഷികളെ കണ്ടെത്തി. സമുദ്രനിരപ്പില്‍നിന്നു 1,500 മീറ്ററിനു മുകളില്‍ സവിശേഷമായ ആവാസവ്യവസ്ഥ നിലനില്‍ക്കുന്ന പര്‍വതശിഖരങ്ങളെയാണ് ആകാശ ദ്വീപുകളായി കണക്കാക്കുന്നത്. ഏപ്രില്‍ എട്ടു മുതല്‍ 10 വരെ നോര്‍ത്ത്, സൗത്ത് വനം ഡിവിഷനുകളിലായി 18 ക്യാമ്പുകള്‍ കേന്ദ്രീകരിച്ചു നടന്ന സര്‍വേയില്‍ ആകെ 177 ഇനം പക്ഷികളെയാണ് കാണാനായതെന്നു ഹ്യൂം സെന്റര്‍ ഡയറക്ടര്‍ സി.കെ.വിഷ്ണുദാസ് പറഞ്ഞു. നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ നാല് ബേസ് ക്യാമ്പുകളില്‍നിന്നുള്ള നിരീക്ഷണത്തില്‍ 92 ഇനം പക്ഷികളുടെ സാന്നിധ്യമാണ് സ്ഥിരീകരിച്ചത്. ആകാശ ദ്വീപുകളില്‍ കാണാനായതില്‍ അഞ്ചിനങ്ങള്‍ തദ്ദേശീയമാണ്്. സമുദ്രനിരപ്പില്‍നിന്നു 1,500-2,100 മീറ്റര്‍ ഉയരത്തിലുള്ള കുറിച്ച്യര്‍മല, ബാണാസുരമല, സൂര്യമുടി, ബ്രഹ്മഗിരി, ചെമ്പ്ര, വെള്ളരിമല, മണ്ടമല, അമ്പമല, വണ്ണാത്തിമല എന്നിവ ആകാശ ദ്വീപുകളാണ്. ചോല-പുല്‍ വനസമുച്ചയങ്ങള്‍ ഈ പ്രദേശങ്ങളുടെ സവിശേഷതയാണ്.നിരവധി തദ്ദേശീയവും വംശനാശ ഭീക്ഷണി നേരിടുന്നതുമായ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയുമാണ് ഈ മലനിരകള്‍.
വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്ന ഏതാനും ഇനം പരുന്തുകളെ സര്‍വേയില്‍ കാണാനായി. അഞ്ചിനം പ്രാവുകള്‍, ഏഴിനം മരംകൊത്തികള്‍, മൂന്നിനം ഡ്രോങ്കോകള്‍, ആറിനം ബുള്‍ബുളുകള്‍, മൂന്നു ഇനം കാടുമുഴക്കികള്‍, എട്ട് ഇനം പാറ്റപിടിയന്‍ എന്നിവയെയും സര്‍വേ സംഘാംഗങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. തെന്നിന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 58 പക്ഷി നിരീക്ഷകരാണ് സര്‍വേയില്‍ പങ്കെടുത്തത്. രാജ്യത്തു വംശനാശ ഭീഷണി നേരിടുന്ന
കാട്ടുപക്ഷികളില്‍ ഒന്നായ ബാണസുര ചിലപ്പനെ കാണാന്‍ കഴിഞ്ഞത് എടുത്തുപറയത്തക്ക നേട്ടമായാണ് സര്‍വേ ടീം വിലയിരുത്തുന്നത്. സമുദ്ര നിരപ്പില്‍നിന്നും 1,800 മീറ്ററിലധികം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ചോലവനങ്ങളിലാണ് സാധാരണയായി ഈ ഇനം പക്ഷിയെ കാണാന്‍ കഴിയുന്നത്. ലോകത്ത് ബാണാസുര ചിലപ്പന്‍ ഉള്ളത് വയനാട്ടിലെ മൂന്നു മലനിരകളില്‍ മാത്രമാണ്. 2,500ല്‍ താഴെയാണ് ബാണാസുര ചിലപ്പന്റെ ആകെ എണ്ണം. നീലഗിരി ചോലക്കിളി, കരിഞ്ചെമ്പന്‍ പാറ്റപിടിയന്‍ ചാരത്തലയന്‍ ബുള്‍ബുള്‍, കോഴിവേഴാമ്പല്‍, ചെഞ്ചിലപ്പന്‍,നീലഗിരി മരപ്രാവ്, കാട്ടുഞാലി, മണികണ്ഠന്‍,കാട്ടുനീലി, പതുങ്ങന്‍ ചിലപ്പന്‍, ചെറുതേന്‍കിളി,ഗരുഡന്‍ ചാരക്കിളി, നീലതത്ത, ആല്‍കിളി എന്നിവയും സര്‍വേയില്‍ കണ്ടെത്തിയ തദ്ദേശീയ ഇനം പക്ഷികളാണ്.
സത്യന്‍ മേപ്പയൂര്‍, ഡോ.ആര്‍.എല്‍.രതീഷ്, വി.ഡിവിന്‍, യദു പ്രസാദ്, രാജേഷ്‌കുമാര്‍, സി.അരുണ്‍, അജ്മല്‍, ജയിന്‍ വര്‍ഗീസ്, ലതീഷ്, കൃഷ്ണമൂര്‍ത്തി, എസ്.കരണ്‍, രവീന്ദ്രന്‍, ശോഭ ചന്ദ്രശേഖര്‍, സനുരാജ്, ലതിക, ശ്രീകാന്ത് എന്നിവര്‍ വിവിധ ക്യാമ്പുകളില്‍ പക്ഷി നിരീക്ഷണത്തിനു മാര്‍ഗനിര്‍ദേശം നല്‍കി. സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്‌ന കരീം, കല്‍പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജോസ്, മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഹരിലാല്‍, മാനന്തവാടി റേഞ്ച്‌ഫോറസ്റ്റ് ഓഫീസര്‍ രമ്യ, ബേഗൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഷാജി എന്നിവര്‍ ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
ബാണാസുര ചിലപ്പനെയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ക്യാമല്‍ ഹമ്പ് മലനിരകളെ ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കണമെന്ന് ഹ്യൂം സെന്റര്‍ ഡയറക്ടര്‍ അഭിപ്രായപ്പെട്ടു. വയനാട്ടിലെ ആകാശദ്വീപുകള്‍ വിവിധയിനം വരമ്പുകിളികള്‍, പുല്‍ക്കുരുവികള്‍, പുള്ളുകള്‍, വെള്ളിയറിയന്‍ എന്നിവയാല്‍ സമ്പന്നമാണ്. അതിനാല്‍ അവയുടെ പ്രജനന കേന്ദ്രങ്ങളായ പുല്‍മേടുകളുടെ സംരക്ഷണത്തിനു പ്രത്യേക പരിഗണന നല്‍കേണ്ടതുണ്ടെന്നു അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles