ഭൂമി കൈയേറ്റം:സര്‍ക്കാര്‍ മൗനം പാലിക്കുന്നു-എം.പി.കുഞ്ഞിക്കണാരന്‍

കല്‍പറ്റ: സംസ്ഥാനത്തു നടന്ന വന്‍തോതിലുള്ള ഭൂമി കൈയേറ്റങ്ങളില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നു ഭൂസമര സമിതി സംസ്ഥാന കണ്‍വീനര്‍ എം.പി.കുഞ്ഞിക്കണാരന്‍ ആരോപിച്ചു. സ്വാതന്ത്ര്യലബ്ധിക്കു മുമ്പു കേരളത്തില്‍ ബ്രിട്ടീഷ് കമ്പനികള്‍ കൈവശംവെച്ചിരുന്ന തോട്ടങ്ങളുടെ ഭൂ ഉടമസ്ഥത സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. വയനാട്, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ ബ്രട്ടീഷ് കാലഘട്ടത്തില്‍ തോട്ടം നടത്തിയിരുന്ന നിരവധി കമ്പനികള്‍ 1947ല്‍ ഉപേക്ഷിച്ചുപോയ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് വ്യാജ രേഖകളുണ്ടാക്കി നിരവധി കമ്പനികളും വ്യക്തികളും ഇപ്പോള്‍ കൈവശം വൈക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍മാര്‍ തയാറാക്കിയ റിപ്പോര്‍ട്ടുകളിലാണ് ഈ വിവരം. വയനാട്ടില്‍ 30,000 ഏക്കര്‍ ഭൂമി ഇങ്ങനെ കൈവശം വെക്കുന്നതായാണ് കലക്ടര്‍ കണ്ടെത്തിയത്. 1947നു മുമ്പു പ്രവര്‍ത്തിച്ചിരുന്ന 500 ഏക്കറിനു മുകളിലുള്ള ബ്രിട്ടീഷ് കമ്പനി തോട്ടങ്ങളും അവയുടെ ഇപ്പോഴത്തെ ഉടമസ്ഥതയുമാണ് കലക്ടര്‍മാര്‍ പരിശോധിച്ചത്.
തോട്ടങ്ങളുടെ ഉടമാവകാശം ബ്രിട്ടീഷ് കമ്പനികളില്‍ നിലനിര്‍ത്തുന്ന വിധത്തിലായിരുന്നില്ല സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നിലവില്‍ വന്ന നിയമങ്ങള്‍. തോട്ടങ്ങള്‍ പാട്ടഭൂമിയിലായതുകൊണ്ട് ഉടമാവകാശം കൈമാറാന്‍ കമ്പനികള്‍ക്കു അധികാരം ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് കമ്പനികള്‍ ഉപേക്ഷിച്ചുപോയ തോട്ടങ്ങളുടെ നടത്തിപ്പു സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും ഏറ്റെടുക്കുകയാണുണ്ടായത്. വയനാട്ടില്‍ വൈത്തിരി, ബത്തേരി, മാനന്തവാടി താലൂക്കുകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി തോട്ടങ്ങള്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലാകേണ്ട ഭൂമിയാണ്. ഒരുകാലത്തു ആദിവാസി ആവാസ മേഖലകളായിരുന്ന ഭൂമിയാണ് കൊളോണിയല്‍ ശക്തികളുടെ ആധിപത്യത്തോടെ ബ്രീട്ടീഷ് തോട്ടങ്ങളായി മാറിയത്. കുത്തകകളും കോര്‍പറേറ്റുകളും കൈയടക്കിയ ഭൂമി വീണ്ടെടുക്കുന്നതിനുള്ള പോരാട്ടങ്ങള്‍ക്കു പ്രസക്തി വര്‍ധിച്ചതായും കുഞ്ഞിക്കണാരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles