ഈട്ടി മുറി വിജിലന്‍സ് അന്വേഷിക്കണം: പ്രകൃതി സംരക്ഷണ സമിതി

കല്‍പറ്റ: കൃഷ്ണഗിരി വില്ലേജില്‍ സ്വകാര്യ കൈവശത്തിലുള്ള തോട്ടത്തില്‍ നടന്ന ഈട്ടി മുറിയില്‍ ഗൂഢാലോചനയുണ്ടെന്നും വിഷയം വിജിലന്‍സ് അന്വേഷണത്തിനു വിധേയമാക്കണമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ഈട്ടി ഉള്‍പ്പെടെ തോട്ടത്തിലെ കോടിക്കണക്കിനു രൂപ വില വരുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ഉടമകളും വില്ലേജ് അധികാരികളും ഗൂഢാലോചന തുടങ്ങിയിട്ടു വര്‍ഷങ്ങളായി. സര്‍ക്കാര്‍ ഭൂമിയാണെന്ന് അറിഞ്ഞു മുന്‍ കൈവശക്കാരില്‍നിന്നു കൈവശാവകാശം വിലയ്ക്കു വാങ്ങിയശേഷം പല പേരുകളില്‍ പട്ടയം സമ്പാദനത്തിനു ശ്രമം നടന്നിട്ടുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിരവധി കേസുകള്‍ ഉടമകള്‍ നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ച മാര്‍ക്കറ്റു വിലയ്‌ക്കെതിരേയും മൂന്നു തവണ ഹൈക്കോടതിയെ സമീപിച്ചു. പട്ടയത്തിനായി ഹൈക്കോടതിയില്‍ നല്‍കിയ അവസാനത്തെ കേസ് പിന്‍വലിക്കുകയാണുണ്ടായത്. ഇക്കാര്യങ്ങള്‍ വില്ലേജ് ഓഫീസര്‍ക്ക് അറിയാവുന്നതാണ്. ഭൂമി ജന്‍മാവകാശമുള്ളതാണെന്ന ഉടമകളുടെയും വില്ലേജ് ഓഫീസറുടെയും വാദം തെറ്റാണ്. സര്‍ക്കാര്‍ ഭൂമിയിലാണ് വീട്ടിമുറി നടന്നത്. കൃഷ്ണഗിരി വില്ലേജില്‍ സമീപകാലത്തു നടന്ന പട്ടയ വിതരണവും മരംമുറിക്കുള്ള എന്‍.ഒ.സികളും വിജിലന്‍സ് അന്വഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും സമിതി ഭാരവാഹികളായ എന്‍.ബാദുഷ, എം.ഗംഗാധരന്‍, തോമസ് അമ്പലവയല്‍, ബാബു മൈലമ്പാടി, സണ്ണി മരക്കടവ് എന്നിവര്‍ ആവശ്യപ്പെട്ടു. മരംമുറി വിഷയത്തില്‍ മുഖ്യമന്ത്രി, റവന്യൂ മന്ത്രി, റവന്യൂ സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയതായി അവര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles