രതീഷ് വാസുദേവനും തെന്നൂര്‍ ബി.അശോകിനും മാധ്യമ പുരസ്‌കാരം

രതീഷ് വാസുദേവന്‍, തെന്നൂര്‍ ബി. അശോക്

മാനന്തവാടി: മാനന്തവാടി പ്രസ് ക്ലബിന്റെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അച്ചടി വിഭാഗത്തില്‍ തെന്നൂര്‍ ബി. അശോകിനെയും(മാതൃഭൂമി, നെടുമങ്ങാട്), ദൃശ്യമാധ്യമ വിഭാഗത്തില്‍ രതീഷ് വാസുദേവനെയുമാണ്(ന്യൂസ് 18, വയനാട്) പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്. അച്ചടി വിഭാഗത്തില്‍ റഫീഖ് വെള്ളമുണ്ട(മാധ്യമം) ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.
ഗോത്ര വിഭാഗങ്ങളുമായി ബന്ധപ്പെട്ട അന്വേഷണാത്മക റിപ്പോര്‍ട്ടുകളാണ് പുരസ്‌കാരത്തിനു പരിഗണിച്ചത്. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ‘മരണം മണക്കുന്ന ഊരുകള്‍’ എന്ന വാര്‍ത്താപരമ്പരയാണ് അശോകിനെ പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്. ‘മരണശേഷം ആറടി മണ്ണിന് വഴിയില്ലാതെ വയനാട്ടിലെ ഗോത്ര വിഭാഗം’ എന്ന വാര്‍ത്തയാണ് രതീഷിനു പുരസ്‌കാരം നേടിക്കൊടുത്തത്. ‘അവഗണനയുടെ ആദിവാസി ഭൂസമരം’ എന്ന പരമ്പരയാണ് റഫീഖിനെ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനു അര്‍ഹനാക്കിയത്.
മലയാള മനോരമ പാലക്കാട് ബ്യൂറോ ചീഫ് രമേശ് എഴുത്തച്ഛന്‍, മാതൃഭൂമി മലപ്പുറം ബ്യൂറോ ചീഫ് വിനോയ് മാത്യു, ജനയുഗം റസിഡന്റ് എഡിറ്റര്‍ ഷിബു ടി. ജോസഫ്, യൂ ടോക്ക് ന്യൂസ് എഡിറ്റര്‍ ദിപിന്‍ മാനന്തവാടി, ന്യൂസ് 24 ചീഫ് റിപ്പോര്‍ട്ടര്‍ സിനോജ് തോമസ്, ഏഷ്യാനെറ്റ് ന്യൂസിലെ സഹല്‍ സി.മുഹമ്മദ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ നിര്‍ണയിച്ചത്. 1,0001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാര സമര്‍പ്പണം സെപ്റ്റംബര്‍ 19നു വൈകുന്നേരം നാലിനു മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് ഹാളില്‍ നടത്തുമെന്നു പ്രസ് ക്ലബ് ഭാരവാഹികളായ അബ്ദുല്ല പള്ളിയാല്‍, ലത്തീഫ് പടയന്‍, അരുണ്‍ വിന്‍സന്റ്, ബിജു കിഴക്കേടം, ജസ്റ്റിന്‍ ചെഞ്ചട്ടയിന്‍, അശോകന്‍ ഒഴക്കോടി എന്നിവര്‍ അറിയിച്ചു. ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള പുരസ്‌കാര സമര്‍പ്പണം നടത്തും.
വിവിധ മേഖലകളില്‍ മികവു തെളിയിച്ച സുകുമാരന്‍ ചാലിഗദ്ദ, നാസര്‍ കീരിയില്‍ ,ജോസഫ് വടക്കേടത്ത്, റവ.ഡോ.ആന്റണി സെബാസ്റ്റ്യന്‍ കൂട്ടുങ്കല്‍,ചെറുവയല്‍ രാമന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles