തെരുവ്നായ ശല്യം: മേല്‍നോട്ട സമിതി പുന:സംഘടിപ്പിച്ചു

കല്‍പറ്റ: തെരുവുനായ ശല്യത്തിന് പരിഹാരം കാണുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ജില്ലാതല മേല്‍നോട്ട സമിതി പുന:സഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും, ജില്ലാ കളക്ടര്‍ കോ- ചെയര്‍മാനായും, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കണ്‍വീനറായുമുള്ള സമിതിയില്‍ ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളാണ്. വാക്‌സിനേഷന്‍ തീവ്ര യജ്ഞത്തിന്റെ ഏകോപന ചുമതല ജില്ലാതല കമ്മിറ്റിക്കാണ്. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ ഹോട്ട് സ്‌പോട്ടുകളുടെ നിര്‍ണ്ണയം അന്തിമമാക്കല്‍, തെരുവ്നായ ശല്യത്തിന് പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരുടെ യോഗങ്ങള്‍ നടത്തി സഹായങ്ങള്‍ ലഭ്യമാക്കല്‍ എന്നിവ ജില്ലാതല മേല്‍നോട്ട സമിതിയുടെ ചുമതലയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഷെല്‍ട്ടറുകള്‍ ലഭ്യമാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ ആവശ്യമായ സേവനങ്ങള്‍ മേല്‍നോട്ട സമിതി നല്‍കും. ജില്ലയിലുടനീളം ബോധവത്കരണ ക്യാമ്പെയ്‌നുകള്‍ സംഘടിപ്പിക്കും. ജില്ലാതല കമ്മിറ്റി ആഴ്ചയിലൊരിക്കല്‍ യോഗം വിളിച്ചു ചേര്‍ക്കും. ജില്ലാ പ്ലാനിംഗ് ഓഫീസര്‍, കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍, സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് അനിമല്‍സ്, ജില്ലാ പോലീസ് മേധാവി, കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ ഇന്റഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവര്‍ മേല്‍നോട്ട സമിതിയിലെ പ്രത്യേക ക്ഷണിതാക്കളാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles