വയനാട് ജില്ലാ സ്‌റ്റേഡിയം ഉദ്ഘാടനം 26ന്

കല്‍പറ്റ: മുനിസിപ്പാലിറ്റിയിലെ മുണ്ടേരിയില്‍ നിര്‍മാണം പൂര്‍ത്തിയായ വയനാട് ജില്ലാ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം 26ന് വൈകുന്നേരം നാലിനു കായിക മന്ത്രി വി.അബ്ദുറഹ്മാന്‍ നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ കെയെംതൊടി മുജീബ്, സ്‌പോര്‍ട്‌സ് കൗ്ണ്‍സില്‍ സംസ്ഥാന സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗം കെ.റഫീഖ്, ജില്ലാ പ്രസിഡന്റ് എം.മധു, വൈസ് പ്രസിഡന്റ് സലിം കടവന്‍, സെക്രട്ടറി എ.ടി.ഷണ്‍മുഖന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
വയനാടിന്റെ സ്വപ്‌ന പദ്ധതിയാണ് യാഥാര്‍ഥ്യമാകുന്നത്. 1987ല്‍ അന്നത്തെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റും പ്ലാന്ററുമായ എം.ജെ.വിജയപദ്മന്‍ വിലയ്ക്കുവാങ്ങി കൈമാറിയ എട്ട് ഏക്കറില്‍ 18.67 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കിയത്. സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോയാണ് പ്രവൃത്തി നടത്തിയത്. ദേശീയ നിലവാരത്തിലുളള മത്സരങ്ങള്‍ നടത്തുന്നതിന് ഉതകുന്ന എട്ട് ലൈനുകളുളള 400 മീറ്റര്‍ സിന്തറ്റിക്ക് ട്രാക്ക്, സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്‌ബോള്‍ ഗ്രൗണ്ട്, 26,900 ചതുരശ്ര അടി വിസ്തീര്‍ണമുളള വി.ഐ.പി ലോഞ്ച്, കളിക്കാര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കുമുളള ഓഫീസ് മുറികള്‍, 9,400 ചതുരശ്ര അടി വിസ്തീര്‍ണമുളള ഹോസ്റ്റല്‍, പൊതു ശൗചാലയം, ജലവിതരണ സംവിധാനം, മഴവെളള സംഭരണി, 9,500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടു നിലകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവ സ്റ്റേഡിയത്തിന്റെ ഭാഗമാണ്.
സ്റ്റേഡിയം ഉദ്ഘാടനം വിളംബരം ചെയ്ത 24നു വൈകുന്നേരം കല്‍പറ്റ എസ്.കെ.എം.ജെ. സ്‌കൂള്‍ പരിസരത്തുനിന്നു പുതിയ സ്റ്റാന്‍ഡിലേക്കു ജാഥ നടത്തും.
ഉദ്ഘാടന ദിവസം അന്തര്‍ദേശീയ കായികതാരങ്ങളെ ഉള്‍പ്പെടുത്തി മാനന്തവാടി പഴശിപാര്‍ക്കില്‍നിന്നു സ്റ്റേഡിയത്തിലേക്കു ദീപശിഖ പ്രയാണം ഉണ്ടാകും.ഗ്രൗണ്ടില്‍ വിവിധ കായിക ഇനങ്ങളുടെ പ്രദര്‍ശനവും സംഗീത വിരുന്നും പ്രദര്‍ശന ഫുട്‌ബോള്‍ മത്സരവും നടത്തും.
ഉദ്ഘാടനച്ചടങ്ങില്‍ ടി.സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. രാഹുല്‍ ഗാന്ധി എം.പിയുടെ സന്ദേശം വായിക്കും. എം.എല്‍.എമാരായ ഒ.ആര്‍. കേളു, ഐ.സി.ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെയെംതൊടി മുജീബ്, മുന്‍ എം.എല്‍.എമാരായ സി.കെ. ശശീന്ദ്രന്‍, എം.വി.ശ്രേയാംസ്‌കുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മേഴ്‌സികുട്ടന്‍, കായിക-യുവജന ഡയറക്ടര്‍ പ്രേം കൃഷ്ണന്‍, ജില്ലാ കലക്ടര്‍ എ.ഗീത, ഫുട്‌ബോള്‍ താരം ഐ.എം.വിജയന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ്, സെക്രട്ടറി അജിത്ത് ദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles