‘അങ്കണവാടി ജീവനക്കാരോടുള്ള ഉപദ്രവം അവസാനിപ്പിക്കണം’

കല്‍പറ്റ: അങ്കണവാടി ജീവനക്കാരോടുള്ള ഐസിഡിഎസ് കല്‍പറ്റ പ്രോജക്ട് ഓഫീസറുടെ ഉപദ്രവം അവസാനിപ്പിക്കണമെന്ന് അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ (സിഐടിയു) പ്രോജക്ട് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗങ്ങളില്‍ ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും മാനസികമായി പീഡിപ്പിക്കുകയുമാണ്. കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ എല്ലാ അതിരുകളും ലംഘിച്ചായിരുന്നു ഇടപെടല്‍. ഇത് അംഗീകരിക്കാനാവില്ല.
ഗുണഭോക്താക്കളുടെ വിവരങ്ങള്‍ പോഷണ്‍ ട്രാക്കര്‍വഴി നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് അനാവശ്യ പീഡനം. ജീവനക്കാര്‍ പരമാവധി ജോലി ചെയ്യുകയാണ്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഫോണിന് പല സ്ഥലങ്ങളിലും നെറ്റ്‌വര്‍ക്കില്ല. പ്രവര്‍ത്തനം പതുക്കെയുമാണ്. ഇതെല്ലാം തരണംചെയ്താണ് ജീവനക്കാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. പരമാവധി ജോലി ചെയ്യുമ്പോഴും പ്രോജക്ട് ഓഫീസറുടെ വ്യക്തിപരമായ നേട്ടത്തിനായാണ് ജീവനക്കാരെ യോഗങ്ങളില്‍ പരസ്യമായി അപമാനിക്കുന്നത്. അങ്കണവാടി കുട്ടികള്‍ക്ക് മുട്ട നല്‍കുന്നതിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടും വിനിയോഗിക്കാതെ ജീവനക്കാര്‍ വാങ്ങണമെന്ന നിബന്ധന വച്ചിരിക്കുകയാണ്. തുക പിന്നീടാണ് നല്‍കുക. തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇത് സാധ്യമല്ല. പോഷണ്‍ ട്രാക്കറില്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ ജില്ലാ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കുമ്പോഴാണ് പ്രോജക്ട് ഓഫീസറും ചില സൂപ്പര്‍വൈസര്‍മാരും വിപരീതമായി പ്രവര്‍ത്തിക്കുന്നത്. ഇത്തരം നിലപാടുകള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നു അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles