ഇനി തൊടാം ഇലപ്പൊട്ട്: സാങ്കേതിക വിദ്യയുമായി എല്‍ദോ പൂവത്തിങ്കല്‍

കല്‍പറ്റ: സ്ത്രീകള്‍ക്കു നെറ്റിയില്‍ തൊടാന്‍ ഇനി ഇലപ്പൊട്ടും. നാഷണല്‍ ബയോടെക് റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍ വയനാട് മീനങ്ങാടി കൊളഗപ്പാറ പൂവത്തിങ്കല്‍ എല്‍ദോയാണ് വൃഷങ്ങളുടെയും സസ്യങ്ങളുടെയും ഇലകള്‍ ഉപയോഗിച്ചു പൊട്ട് നിര്‍മിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ഇലകള്‍ വര്‍ണത്തിനു മങ്ങലേല്‍ക്കാതെയും ജൈവികത നഷ്ടമാകാതെയും ഒരു മാസം വരെ സൂക്ഷിക്കാന്‍ സഹായിക്കുന്നതാണ് എല്‍ദോ വികസിപ്പിച്ച വിദ്യ. ഇത് ലോകത്ത് മറ്റെവിടെയും കണ്ടെത്തിയിട്ടില്ലെന്നു പാറ്റന്റ് സെര്‍ച്ചില്‍ വ്യക്തമായതായി എല്‍ദോ പറഞ്ഞു. പാറ്റന്റിനു ചെന്നൈയിലെ ഓഫീസില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
വിവിധ നിറങ്ങളിലുള്ള ഇലകള്‍ സംസ്‌കരിച്ച് യന്ത്രസഹായത്തോടെയും കൈകൊണ്ടും നിര്‍മിക്കുന്ന പൊട്ടുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ വിപണിയില്‍ എത്തിക്കാനാണ് എല്‍ദോയുടെ പദ്ധതി. നാഷണല്‍ ബയോടെക് റിസര്‍ച്ച് സെന്ററിനു കീഴില്‍ കല്‍പറ്റയിലുള്ള പണിശാലയില്‍ ഇലപ്പൊട്ടുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണം വൈകാതെ തുടങ്ങും.
ഇലപ്പൊട്ടുകള്‍ക്കു വിപണിയില്‍ വലിയ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ദോ. ഇന്ത്യന്‍ സ്ത്രീകളില്‍ നല്ലൊരു ശതമാനവും പൊട്ടുതൊടുന്നവരാണ്. അഴക് വര്‍ധിപ്പിക്കുന്നതിനുപുറമേ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായും സ്ത്രീകള്‍ പൊട്ടുകുത്തുന്നുണ്ട്. രാസവസ്തുക്കള്‍ ഉപയോഗിച്ചു തയാറാക്കുന്നതാണ് നിലവില്‍ വിപണിയില്‍ ലഭ്യമായ പൊട്ടുകളില്‍ അധികവും. ഇലപ്പൊട്ട് നെറ്റിയില്‍ പതിഞ്ഞിരിക്കാന്‍ ഉപയോഗപ്പെടുത്തുന്നതു നൈസര്‍ഗിക പശയാണ്.
കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ഗ്രാമീണ ശാസ്ത്രജ്ഞനാണ് 40 കാരനായ എല്‍ദോ. വാഴപ്പോളയില്‍നിന്നു നാരുകള്‍ വേര്‍തിരിക്കുന്ന യന്ത്രം, അടയ്ക്കത്തൊണ്ട് സംസ്‌കരിച്ചു പഞ്ഞിപ്പരുവത്തിലാക്കി കിടക്ക, കുഷന്‍ നിര്‍മാണത്തിനു ഉപയോഗിക്കുന്ന വിദ്യ, കയര്‍ പിരിക്കുന്ന യന്ത്രം എന്നിവ മുമ്പ് വികസിപ്പിച്ചിട്ടുണ്ട്. ഈ വിദ്യകള്‍ 2017ല്‍ ഡല്‍ഹി ഐ.ഐ.ടിയില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റില്‍ അവതരിപ്പിച്ചിരുന്നു.
2014ലെ ദേശീയ ശാസ്ത്ര കോണ്‍ഗ്രസില്‍ മികച്ച യുവ ഗ്രാമീണ ശാസ്ത്രജ്ഞനുള്ള പുരസ്‌കാരം എല്‍ദോയ്ക്കാണ് ലഭിച്ചത്. 2016ലെ നാഷണല്‍ ഇന്നൊവേഷന്‍ അവാര്‍ഡ്, 2018ലെ സ്‌പൈസസ് റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്ട് അവാര്‍ഡ്, കേരള ശാസ്ത്ര ഭവന്‍ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. സ്വാഭാവിക നാരിനങ്ങള്‍ നിര്‍മിക്കുന്നതിലും അതുപയോഗിച്ചു കരകൗശല വസ്തുക്കള്‍ തയാറാക്കുന്നതിലും എല്‍ദോ വിവിധ സര്‍കലാശാലകളിലും ഗവേഷണ സ്ഥാപനങ്ങൡും പരിശീലനം നല്‍കുന്നുണ്ട്. ഭാര്യ ദിവ്യയും ദിദുല്‍, നിദുല്‍ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.

0Shares

Leave a Reply

Your email address will not be published.

Social profiles