ദക്ഷിണേന്ത്യയിലെ ആദ്യ ജൈന്‍ സര്‍ക്യൂട്ട് വയനാട്ടില്‍ രൂപീകരിക്കുന്നു

കല്‍പറ്റ: ദക്ഷിണേന്ത്യയിലെ ആദ്യ ജൈന്‍ സര്‍ക്യൂട്ട് വയനാട്ടില്‍ രൂപീകരിക്കുന്നു. കല്‍പറ്റ മൈലാടിപ്പാറ ചന്ദ്രനാഥഗിരി, പുളിയാര്‍മല അനന്തനാഥ്‌സ്വാമി ക്ഷേത്രം, വെണ്ണിയോട് ശാന്തനാഥസ്വാമി ക്ഷേത്രം, പനമരം പാലുകുന്ന് പാര്‍ശ്വനാഥ ക്ഷേത്രം, അഞ്ചുകുന്ന് പാര്‍ശ്വനാഥസ്വാമി ക്ഷേത്രം, മാനന്തവാടി പാണ്ടിക്കടവ് ആദീശ്വരസ്വാമി ക്ഷേത്രം, കൊയിലേരി പുതിയിടം ആദീശ്വര ക്ഷേത്രം, പുത്തങ്ങാടി ചന്ദ്രനാഥസ്വാമി ക്ഷേത്രം, വരദൂര്‍ അനന്തനാഥസ്വാമി ക്ഷേത്രം, സുല്‍ത്താന്‍ബത്തേരി ജൈനക്ഷേത്രം എന്നിവ ഉള്‍പ്പെടുത്തിയാണ് ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ ജൈന്‍ സര്‍ക്യൂട്ട് രൂപീകരിക്കുന്നത്. ഇതു രാജ്യത്തെ രണ്ടാമത്തെ ജൈന്‍ സര്‍ക്യൂട്ടായി മാറുമെന്നു ഡപ്യൂട്ടി കലക്ടര്‍ കെ.അജീഷ്, ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ ടി.ഡി.പ്രഭാത്, വയനാട് ജൈന്‍ സമാജം പ്രതിനിധി നേമി രാജന്‍, ഡി.ടി.പി.സി സെക്രട്ടറി കെ.അജീഷ് എന്നിവര്‍ പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഞ്ചാരികളില്‍ തത്പരരെ വയനാട്ടിലെ ജൈന സംസ്‌കൃതിയെ അടുത്തറിയുന്നതിനു ആകര്‍ഷിക്കുകയാണ് ജൈന്‍ സര്‍ക്യൂട്ട് രൂപീകരണത്തിന്റെ പ്രധാന ലക്ഷ്യം. ജില്ലയുടെ കാര്‍ഷിക ചരിത്രത്തില്‍ ജൈന സ്വാധീനം ഏറെ ശ്രദ്ധേയമാണ്. കബനി നദിയുടെ തീരപ്രദേശങ്ങളിലൂടെയാണ് ജൈനമതക്കാര്‍ ജില്ലയില്‍ എത്തിയത്. മാനന്തവാടി, പനമരം, കണിയാമ്പറ്റ, കല്‍പറ്റ, വെണ്ണിയോട്, വരദൂര്‍, അഞ്ചുകുന്ന് എന്നിവിടങ്ങള്‍ നിലവില്‍ ജില്ലയിലെ പ്രധാന ജൈന്‍ ആവാസ പ്രദേശങ്ങളാണ്. ജൈനരുടെ സമ്പന്ന പൈതൃകം വിശദികരിക്കുന്നതാണ് ജില്ലയിലെ ജൈന ബസ്തികളുടെ അവശിഷ്ടങ്ങള്‍.

0Shares

Leave a Reply

Your email address will not be published.

Social profiles