അമ്പലവയല്‍ ജിവിഎച്ച്എസ്എസ് പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നു

കല്‍പ്പറ്റ: അമ്പലവയല്‍ ജിവിഎച്ച്എസ്എസ് പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നു. ഡിസംബര്‍ വരെ നീളുന്ന 75-ാം വാര്‍ഷികാഘോഷത്തിന് 31ന് തുടക്കമാകുമെന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം സുരേഷ് താളൂര്‍, പ്രിന്‍സിപ്പല്‍ പി.ജി. സുഷമ, സംഘാടക സമിതി ഭാരവാഹികളായ കെ. ഷമീര്‍, ബിനോ പോള്‍, എ.പി. രഘു, ഇ.കെ. ജോണി, പ്രമോദ് ബാലകൃഷ്ണന്‍, പി.ആര്‍. ബിനേഷ്, പ്രദീപ് എടക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്ലാറ്റിനം ജൂബിലി ആഘോഷം വിളംബരം ചെയ്ത് 31ന് രാവിലെ ഒമ്പതിന് അമ്പലവയല്‍ ടൗണില്‍ റാലി നടത്തും. 9.30 മുതല്‍ ഉച്ചവരെ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ ഉണ്ടാകും. ഉച്ചകഴിഞ്ഞ് രണ്ടിനു ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സിനി ആര്‍ട്ടിസ്റ്റ് ശിവപാര്‍വതി ആഘോഷം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ കെ. ഷമീര്‍ അധ്യക്ഷത വഹിക്കും. ഇന്റര്‍ലോക് ചെയ്ത് സ്‌കൂള്‍ മുറ്റം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം സുരേഷ് താളൂര്‍ ഉദ്ഘാടനം ചെയ്യും. സര്‍വീസില്‍നിന്നു വിരമിക്കുന്ന അധ്യാപകന്‍ സി.എം. അബ്ദുള്‍ സലാമിനെ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്‌സത്ത് ആദരിക്കും. പിടിഎ പ്രസിഡന്റ് എ.പി. രഘു സ്റ്റേജ് ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് മാനന്തവാടി രാഗതരംഗിന്റെ ഗാനമേള ഉണ്ടാകും.
പൂര്‍വവിദ്യാര്‍ഥി സംഗമം. പൂര്‍വഅധ്യാപക സംഗമം, കലാകായിക മേഖലകളെ പുരോഗതിയില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍, നാടന്‍കലകളെ അടുത്തറിയല്‍, കഥ, കവിത, നാടക ക്യാമ്പുകള്‍, ലഹരി വിമുക്ത വിദ്യാലയം, പ്ലാസ്റ്റിക് രഹിത-പരിസ്ഥിതി സൗഹൃദ കാമ്പസ്, പിന്നാക്കക്കാര്‍ക്ക് സവിശേഷ പിന്തുണ, പ്രാദേശിക ചരിത്ര നിര്‍മിതി, പ്ലാറ്റിനം ജൂബിലി സ്മാരകം നിര്‍മാണം, ഗോത്രഫെസ്റ്റ് തുടങ്ങി 75 വ്യത്യസ്ത പരിപാടികള്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
1948ല്‍ ആരംഭിച്ചതാണ് വിദ്യാലയം. ആദ്യകാലത്ത് അമ്പലവയല്‍ പോലീസ് സ്റ്റേഷനു അടുത്തുള്ള പഴയ കെട്ടിടത്തിലും പിന്നീട് കുറച്ചുകാലം മ്യൂസിയത്തിനടുത്തുള്ള നിസന്‍ ഹട്ടിലുമായിരുന്നു പ്രവര്‍ത്തനം.
1964ല്‍ ഹൈസ്‌കൂള്‍ ആയതോടെ എല്‍പി വിഭാഗം വേര്‍പെടുത്തി. നിലവില്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം പഠിതാക്കളുണ്ട്. മെച്ചപ്പെട്ടതാണ് വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങള്‍.

0Shares

Leave a Reply

Your email address will not be published.

Social profiles