ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു

പുല്‍പ്പള്ളി:വയനാട്ടില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. വൈകുന്നേരം കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, പുല്‍പ്പള്ളി ഉള്‍പ്പെടെ ടൗണുകളില്‍ മഹാശോഭായാത്ര നടന്നു. കൃഷ്ണ-ഗോപികാ വേഷമണിഞ്ഞ നൂറുകണക്കിന് പിഞ്ചോമനകളും നിശ്ചലദൃശ്യങ്ങളും ഉറിയടി, ഗോപികാനൃത്തം തുടങ്ങിയ കലാരൂപങ്ങളും മഹാശോഭായാത്രകള്‍ക്കു മാറ്റുകൂട്ടി. പുല്‍പ്പള്ളിയില്‍ താഴെ അങ്ങാടി ചേടാറ്റിന്‍കാവില്‍നിന്നു സീതാലവകുശ ക്ഷേത്ര സന്നിധിയിലേക്കായിരുന്നു മഹാശോഭായാത്ര. ഇരുപ്പൂട്, ചേപ്പില, കണ്ടാമല, വേടംകോട്, അരീക്കോട്, കാര്യമ്പാതിക്കുന്ന്, ചുണ്ടക്കൊല്ലി, കുളത്തൂര്‍, ആനപ്പാറ, പാക്കം, ചേകാടി, ആശ്രമക്കൊല്ലി, മീനംകൊല്ലി, കല്ലുവയല്‍ എന്നിവിടങ്ങളില്‍നിന്നുള്ള ചെറുശോഭായാത്രകള്‍ ചേടാറ്റിന്‍കാവില്‍ സംഗമിച്ചാണ് മഹാശോഭായാത്രയായത്. ആഘോഷത്തിന് പദ്മനാഭന്‍, ഗിരീഷ് പുല്‍പ്പള്ളി, അനീഷ് പള്ളത്ത്, ഓമന രവീന്ദ്രന്‍, അനുമോള്‍ ദിബീഷ്, ചാമി ഇരിപ്പൂട്, അഭിലാഷ് പുല്‍പ്പള്ളി, രഞ്ജിത്ത് ഇടമല, കെ.കെ. അരുണ്‍, വിധുബാല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി സുല്‍ത്താന്‍ബത്തേരി മാരിയമ്മന്‍ ക്ഷേത്രാങ്കണത്തില്‍ നടന്ന സംസ്‌കാരിക സമ്മേളനം അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. യാമിനി വര്‍മ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ബാബു കട്ടയാട് അധ്യക്ഷത വഹിച്ചു. സി.പി. വര്‍ഗിസ്, ഖാദര്‍ പട്ടാമ്പി, എം. ശശികുമാര്‍, ജിത്ത് മഹേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. മാരിയമ്മന്‍ കോവിലില്‍നിന്നു ആരംഭിച്ച മഹാശോഭായാത്ര നഗരം ചുറ്റി മഹാഗണപതി ക്ഷേത്രത്തില്‍ സമാപിച്ചു.
നൂറുകണക്കിനു ഭക്തജനങ്ങള്‍ പങ്കെടുത്തു. പി.എം. രാമകൃഷ്ണന്‍, രസ ബാലകൃഷ്ണന്‍, ടി.ഡി. ജഗന്നാഥന്‍, യു.പി. ശ്രീജിത്ത്, കെ.ജി. സുരേഷ്, എ.എം. ഉദയകുമാര്‍, പ്രഭ മണികണ്ഠന്‍, അച്യുതന്‍ മലവയല്‍, കെ.ജി. സതീശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles