ഗ്രീന്‍ പദ്ധതി: നാളെ ധാരണാപത്രം ഒപ്പുവയ്ക്കും

കല്‍പ്പറ്റ: രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഹരിതോര്‍ജ സര്‍വകലാശാലയായി കേരള കാര്‍ഷിക സര്‍വകലാശാല മാറുന്നു. ഇതിനായി ആവിഷ്‌കരിച്ച ഗ്രീന്‍ പദ്ധതിയുടെ ഭാഗമായി സര്‍വകലാശാല രജിസ്ട്രാറും അനര്‍ട്ട് ഡയറക്ടറും നാളെ തിരുവനന്തപുരത്ത് ധാരണാപത്രത്തില്‍ ഒപ്പിടും. ധാരണാപത്രം കൈമാറ്റം കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. റവന്യൂ-ഭവന മന്ത്രി കെ. രാജന്‍, വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി, കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബി. അശോക് തുടങ്ങിയവര്‍ പങ്കെടുക്കും.
ഊര്‍ജരംഗത്ത് വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടാനും കാര്‍ഷിക മേഖലയെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ചാലകശക്തിയാക്കി മാറ്റാനുമുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുനരുപയോഗിക്കാവുന്ന ഊര്‍ജ വിനിയോഗ സാങ്കേതികവിദ്യ ‘സോളാര്‍ ഫോട്ടോവോള്‍ട്ടായിക്‌സ്’ ഉപയോഗപ്പെടുത്താന്‍ കാര്‍ഷിക സര്‍വകലാശാല തീരുമാനിച്ചിരുന്നു.
ഗ്രീന്‍ പദ്ധതിയില്‍ വിവിധ കാമ്പസുകളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കും.
വെള്ളായണി കാര്‍ഷിക കോളജ്, തവനൂര്‍ കേളപ്പജി കാര്‍ഷിക എന്‍ജിനിയറിംഗ് കോളജ്, വെള്ളാനിക്കര സര്‍വകലാശാല ആസ്ഥാനം, പടന്നക്കാട് കാര്‍ഷിക കോളജ് എന്നിവിടങ്ങളില്‍ അനര്‍ട്ടുമായി സഹകരിച്ച് 600 കിലോവാട്ട് ശേഷിയില്‍ സൗരോര്‍ജ വൈദ്യുത നിലയങ്ങള്‍ ഒരുക്കും. കെഎസ്ഇബിയുടെ നിബന്ധനകള്‍ക്കു അനുസൃതമായി വിവിധ കാമ്പസുകളില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരയിലാണ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. സംസ്ഥാനത്തിന്റെ ആകെ വൈദ്യുതോത്പാദനച്ചെലവും സര്‍വകലാശാലയുടെ വൈദ്യുതി ഉപഭോഗച്ചെലവും പരിസ്ഥിതി മലിനീകരണവും കുറയ്ക്കുന്നതിനു ഗ്രീന്‍ പദ്ധതി
സഹായകമാകുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles