ആദിവാസി ഭൂസമര ചരിത്ര വഴികളിലൂടെ നടന്ന് സി.കെ. ജാനുവിന്റെ ആത്മകഥ

ഗോത്രമഹാസഭ സ്ഥാപക അധ്യക്ഷ സി.കെ.ജാനു ‘അടിമമക്ക’ എന്ന പേരില്‍ എഴുതിയ ആത്മകഥ കല്‍പ്പറ്റ എന്‍എംഡിസി ഹാളില്‍ ആദ്യപ്രതി ഗായിക നഞ്ചിയമ്മയ്ക്കു നല്‍കി സാമൂഹിക പ്രവര്‍ത്തക കെ. അജിത പ്രകാശനം ചെയ്യുന്നു.

കല്‍പ്പറ്റ: ആദിവാസി ഭൂസമര ചരിത്ര വഴികളിലൂടെ നടന്ന് ഗോത്രമഹാസഭ സ്ഥാപക അധ്യക്ഷ സി.കെ. ജാനുവിന്റെ ആത്മകഥ. ‘അടിമമക്ക’ എന്ന പേരിലാണ് 430 പേജുകളുള്ള പുസ്തകം ജാനു പുറത്തിറക്കിയത്. കോവിഡ് കാലത്ത് ആരംഭിച്ചതാണ് ഗ്രന്ഥരചന. സമീപകാലത്താണ് പൂര്‍ത്തിയായത്. തന്റെ സമരജീവിതമാണ് പുസ്തകത്തിലൂടെ വായനക്കാരില്‍ എത്തിക്കുന്നതെന്നു ജാനു പറഞ്ഞു. ബാല്യത്തിലും കൗമാരത്തിലും കണ്ട, പച്ചപുതച്ച വയലുകളും നിറഞ്ഞൊഴുകുന്ന പുഴകളും തോടുകളുമുള്ള വയനാടന്‍ ഗ്രാമക്കാഴ്ചകള്‍, ഗോത്രസമൂഹത്തിന്റെ ജീവിതാവസ്ഥകള്‍, ആദിവാസികളെ മണ്ണിന്റെ ഉടയോരാക്കുന്നതിന് വയനാട്ടിലെ പനവല്ലി, മുത്തങ്ങ, തമിഴ്‌നാട്ടിലെ കൊടൈക്കനാല്‍, ദിണ്ഡിഗല്‍, വീരപാണ്ഡി എന്നിവിടങ്ങളില്‍ നേതൃത്വം നല്‍കിയ ഭൂസമരങ്ങള്‍, മുത്തങ്ങ ഭൂസമരത്തെത്തുടര്‍ന്നു നേരിടേണ്ടിവന്ന പോലീസ് പീഡനം, ഇപ്പോഴും തുടരുന്ന വ്യവഹാരം, ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം, എന്‍ഡിഎ പ്രവേശനം, ഛത്തിസ്ഗഡില്‍നിന്നുള്ള ബാലികയെ ദത്തെടുക്കല്‍, നിയമസഭയിലേക്കു നടത്തിയ മത്സരങ്ങള്‍, ബിജെപി നേതൃത്വവുമായി ബന്ധപ്പെട്ട കോഴ വിവാദം എന്നിവയെക്കുറിച്ചു വിശദമായ പ്രതിപാദിക്കുന്നതാണ് ഗ്രന്ഥമെന്ന് ജാനു പറഞ്ഞു.
എന്‍എംഡിസി ഹാളില്‍ സാമൂഹിക പ്രവര്‍ത്തക കെ. അജിത പുസ്തക പ്രകാശനം നിര്‍വഹിച്ചു. ഗായിക നഞ്ചിയമ്മ ആദ്യപ്രതി സ്വീകരിച്ചു. പ്രഫ.കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു. കെ.കെ. സുരേന്ദ്രന്‍ പുസ്തകം പരിചയപ്പെടുത്തി. ഏബ്രഹാം ബെന്‍ഹര്‍, അഡ്വ.പ്രീത, സതീശന്‍ ആലപ്പുഴ, സാജന്‍ ആലപ്പുഴ, ലീല കനവ്, ഡോ.എം.പി. മനോജ് എന്നിവര്‍ പ്രസംഗിച്ചു. എം.കെ. രാമദാസ് സ്വാഗതവും ബാബു കാര്യമ്പാതി നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles