പൊള്ളലേറ്റ വീട്ടമ്മയുടെ മരണം: അന്വേഷണം ഊര്‍ജ്ജിതമാക്കി

തരുവണ: ദുരൂസാഹചര്യത്തില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരണപ്പെട്ട സംഭവത്തില്‍ വെള്ളമുണ്ട പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ജൂലൈ മൂന്നിന് രാത്രിയിലാണ് തരുവണ പുലിക്കാട് കണ്ടിയില്‍ പൊയില്‍ മുഫീദ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. വിധവയായ ഇവരുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചത്. രണ്ടാമത് വിവാഹം ചെയ്തതായി പറയപ്പെടുന്ന ടി.കെ ഹമീദ്ഹാജി എന്നയാളും ഇയാളുടെ മകനും അനുജനും ചേര്‍ന്ന് അന്നേദിവസം ഇവരുടെ വീട്ടിലെത്തി തര്‍ക്കത്തിലേര്‍പ്പെടുന്നതിന്റെയും ഇവര്‍ തീകൊളുത്തുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഹമീദ് ഹാജിയെക്കൊണ്ട് മുഫീദയെ മൊഴിചൊല്ലിപ്പിക്കാനായിട്ടാണ് ബന്ധുക്കള്‍ മുഫീദയുടെ വീട്ടിലെത്തിയത്. സംഭവത്തിന് സാക്ഷിയായ വീട്ടമ്മയുടെ പത്താംക്ലാസ്സുകാരനായ മകനാണ് വീഡിയോ റെക്കോഡ് ചെയ്തത്. ഉമ്മയുടെ ശരീരത്തില്‍ തീപടരുന്നത് കണ്ടതോടെ മകന്‍ ഫോണ്‍ ഉപക്ഷേിച്ച് വെള്ളമുപയോഗിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും 60ശതമാനമത്തോളം പൊള്ളലേറ്റു കഴിഞ്ഞിരുന്നു. ഈസമയത്ത് സ്ഥലത്തുണ്ടായിരുന്നവര്‍ മുഫീദയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചില്ലെന്നും ആതമഹത്യചെയ്യാനായി ഉമ്മയെ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും മകന്‍ പൊലീസില്‍ മൊഴിനല്‍കിയിട്ടുണ്ട്. പിന്നീട് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏതാനും ദിവസം മുമ്പാണ് ഇവരെ മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് തിരിച്ചയച്ചത്. പിന്നീട് വീട്ടിലെത്തിച്ച് ചികിത്സനടത്തുന്നതിനിടെ ഇന്നലെയാണ് മരണപ്പെട്ടത്. പരാതി ഉയര്‍ന്നതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മരിച്ച മുഫീദയുടെ മൃതദേഹം പോസ്റ്ററ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ ഉച്ചയോടെ പുലിക്കാട് ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ മറവ് ചെയ്തു.

0Shares

Leave a Reply

Your email address will not be published.

Social profiles