‘മഫീദയുടെ ദേഹത്തു പടര്‍ന്ന തീ അണയ്ക്കാന്‍ ആരും ശ്രമിച്ചില്ല’

കല്‍പറ്റ: വെള്ളമുണ്ട പുലിക്കാട് കണ്ടിയില്‍പൊയില്‍ മഫീദ തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. മഫീദയുടെ ദേഹത്തു പടര്‍ന്ന തീ അണയ്ക്കാന്‍ സംഭവസ്ഥലത്തു ഉണ്ടായിരുന്നവരില്‍ ആരും ശ്രമിച്ചില്ല. പ്രദേശത്തു രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ കെ.നിസാര്‍, പി.ജമാല്‍, സി.ഹാരിസ് എന്നിവരാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മഫീദയുടെ മരണത്തിനു ഉത്തരവാദികളെ അറസ്റ്റുചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മഫീദയുടെ രണ്ടാം ഭര്‍ത്താവ്, ഇദ്ദേഹത്തിന്റെ അനുജന്‍, മകന്‍ എന്നിവരാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. മഫീദയുടെ ഇളയ മകനും വീട്ടില്‍ ഉണ്ടായിരുന്നു. വിവാഹബന്ധം വേര്‍പെടുത്തുന്നതില്‍ സമ്മര്‍ദം ചെലുത്തുന്നതിനു വീട്ടിലെത്തുന്നവരെ ഭയപ്പെടുത്തുന്നതിനു രണ്ടാം ഭര്‍ത്താവ് നിര്‍ദേശിച്ചതനുസരിച്ചാണ് മഫീദ ദേഹത്തു മണ്ണെണ്ണ ഒഴിച്ചതെന്നു ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
വീട്ടിലെത്തിയ രണ്ടാം ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവരുമായുളള സംസാരത്തിനിടെ മഫീദയുടെ കൈവശമുണ്ടായിരുന്ന ലൈറ്ററില്‍നിന്നാണ് തീ പടര്‍ന്നത്. ഇതു കണ്ടുനിന്നവരില്‍ ആരും തീ അണയ്ക്കാനും മഫീദയെ രക്ഷപെടുത്താനും ശ്രമിച്ചില്ല. ജൂലൈ മൂന്നിനു രാത്രി ഒമ്പതരയോടെയാണ് 50കാരിയായ മഫീദയ്ക്കു പൊള്ളലേറ്റത്. സെപ്റ്റംബര്‍ രണ്ടിനു വീട്ടിലായിരുന്നു മരണം.
നാലു മക്കളുള്ള മഫീദയുടെ ഭര്‍ത്താവ് ആറു വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. കൂലിപ്പണിക്കാരിയായ മഫീദ കുടുംബം പോറ്റുന്നതിനു പ്രയാസപ്പെടുന്നതിനിടെയാണ് ഭാര്യയും മക്കളുമുള്ള പ്രദേശവാസി സംരക്ഷണം വാഗ്ദാനം ചെയ്ത് അടുപ്പം സ്ഥാപിച്ചത്. പിന്നീട് ഇയാള്‍ മഫീദയെ കര്‍ണാടകയിലെ ഗോണിക്കുപ്പയിലെത്തിച്ച് രഹസ്യമായി വിവാഹം ചെയ്തു. ഈ വിവരം പുറത്തറിഞ്ഞതോടെയാണ്
ബന്ധം ഒഴിയാന്‍ രണ്ടാം ഭര്‍ത്താവിന്റെ വീട്ടുകാര്‍ സമ്മര്‍ദം ചെലുത്തിയത്. തീപ്പോള്ളലേറ്റ മഫീദ ആര്‍ക്കെതിരേയും പരാതി പറഞ്ഞിരുന്നില്ല. മരണശേഷം മക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തെങ്കിലും തുടര്‍നടപടി വൈകുകയാണെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles