മെഡിക്കല്‍ കോളേജ്: ആക്ഷന്‍ കമ്മിറ്റി കത്ത് നല്‍കിത്തുടങ്ങി

വയനാട് മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബുവിനു കത്ത് നല്‍കുന്നു.

കല്‍പറ്റ: വയനാട് മെഡിക്കല്‍ കോളേജ് വിഷയത്തില്‍ ആക്ഷന്‍ കമ്മിറ്റി ജനപ്രതിനിധികള്‍ക്ക് കത്ത് നല്‍കിത്തുടങ്ങി.
കോട്ടത്തറ വില്ലേജിലെ മടക്കിമലയില്‍ ചന്ദ്രപ്രഭ ട്രസ്റ്റ് സൗജന്യമായി വിട്ടുനല്‍കാന്‍ സന്നദ്ധമായ 50 ഏക്കര്‍ ഭൂമിയില്‍ നിര്‍മിക്കുന്നതിനു സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്ന അഭ്യര്‍ഥനയാണ് കത്തിലുള്ളത്. മെഡിക്കല്‍ കോളേജ് കണ്ണൂര്‍ ജില്ലാ അതിര്‍ത്തിക്കു സമീപം ബോയ്‌സ് ടൗണില്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിലെ അനൗചിത്യം വിശദീകരിക്കുന്നതുമാണ് കത്ത്.
ഇന്നു പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനും പനമരം, കോട്ടത്തറ, കണിയാമ്പറ്റ, മുട്ടില്‍, മീനങ്ങാടി, പൂതാടി പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും കത്ത് നല്‍കി. നാളെയും മറ്റന്നാളുമായി ജില്ലയിലെ മൂന്നു നിയോജക മണ്ഡലങ്ങളിലെയും തദ്ദേശ സ്ഥാപന അധ്യക്ഷര്‍ക്കു കത്ത് നല്‍കും. വാര്‍ഡ് മെംബര്‍ മുതല്‍ പാര്‍ലമെന്റ് അംഗം വരെ ജനപ്രതിനിധികള്‍ക്കും കത്ത് ലഭ്യമാക്കും.
മടക്കിമലയില്‍ 50 ഏക്കര്‍ ഭൂമി മെഡിക്കല്‍ കോളേജ് നിര്‍മാണത്തിനു ചന്ദ്രപ്രഭ ട്രസ്റ്റ് 2015ല്‍ ലഭ്യമാക്കിയതാണ്. ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഭൂമിയിലേക്കു മൂന്നര കോടി രൂപ ചെലവില്‍ റോഡും നിര്‍മിച്ചു. എന്നാല്‍ 2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മടക്കിമലയിലെ ഭൂമി മെഡിക്കല്‍ കോളേജിനു ഉപയോഗപ്പെടുത്തേണ്ടെന്നു തീരുമാനിച്ചു. സ്ഥലം പ്രകൃതി ദുരന്ത സാധ്യാതാ മേഖലയിലാണെന്നു പറഞ്ഞായിരുന്നു ഇത്. മടക്കിമല മെഡിക്കല്‍ കോളേജ് പദ്ധതി ഉപേക്ഷിച്ച സര്‍ക്കാര്‍ കല്‍പറ്റയ്ക്കു സ്ഥലം കണ്ടെത്താനും മേപ്പാടി അരപ്പറ്റയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് വിലയ്ക്കുവാങ്ങാനും നീക്കം നടത്തിയിരുന്നു. ഏറ്റവും ഒടുവിലാണ് ബോയ്‌സ് ടൗണില്‍ ആരോഗ്യ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത്.
മെഡിക്കല്‍ കോളേജിനു പ്രയോജനപ്പെടുത്താത്ത സാഹചര്യത്തില്‍ മടക്കിമലയിലെ സ്ഥലം തിരികെ ലഭ്യമാക്കണമെന്നു ആവശ്യപ്പെട്ട് ചന്ദ്രപ്രഭ ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2000 ജനുവരിയില്‍ ട്രസ്്റ്റിനു അനുകൂലമായി കോടതി ഉത്തരവും പുറപ്പെടുവിച്ചു. എങ്കിലും മെഡിക്കല്‍ കോളേജിനു ഉപയോഗപ്പെടുത്തുമെന്നു ഉറപ്പുലഭിച്ചാല്‍ ഭൂമി വീണ്ടും സര്‍ക്കാരിനു വിട്ടുകൊടുക്കാമെന്ന നിലപാടിലാണ് ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ്. ഇക്കാര്യം ട്രസ്റ്റ് പ്രസിഡന്റ് എം.ജെ. വിജയപദ്മന്‍ മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മെഡിക്കല്‍ കോളേജ് മടക്കിമലയില്‍ സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ട് 15നു കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്താന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പ്രചാരണവാഹനജാഥ, റിലേ സത്യഗ്രഹം തുടങ്ങിയ സമര പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles