ഇനിയെന്ന് പ്രവൃത്തിയാരംഭിക്കും.. താമരശ്ശേരി ചുരം റോപ് വേ പദ്ധതി എങ്ങുമെത്തിയില്ല

വൈത്തിരി: ടുറിസം മേഖലയില്‍ ജില്ലയുടെ മുഖച്ചായ തന്നെ മാറ്റിമറിക്കുന്ന താമരശ്ശേരി ചുരം റോപ് വേയുടെ പണി തുടങ്ങാനുള്ള നടപടികള്‍ ഇനിയും ആരംഭിച്ചില്ല. വലിയ പ്രതീക്ഷയോടെയായിരുന്നു പദ്ധതി തുടങ്ങുമെന്ന് മൂന്ന് വര്‍ഷം മുമ്പ് സര്‍ക്കാര്‍ പറഞ്ഞത്. ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വൈകുന്നതു മൂലമാണ് പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഇഴഞ്ഞു നീങ്ങുന്നത്. പദ്ധതിയുടെ ലോവര്‍ ടെര്‍മിനലിനും അനുബന്ധ സംവിധാനങ്ങള്‍ക്കുമായി അടിവാരത്തു കമ്പനി വാങ്ങിയ 10 ഏക്കര്‍ ഭൂമി തരംമാറ്റുന്നതിനുള്ള അപേക്ഷ 3 വര്‍ഷം മുന്‍പാണ് റവന്യു വകുപ്പിനു നല്‍കിയത്. കഴിഞ്ഞ മേയില്‍ നിശ്ചയിച്ച പ്രവൃത്തി ഉദ്ഘാടനം പോലും ഇതുവരെ നടത്താനായില്ല. റോപ് വേയുടെ അപ്പര്‍ ടെര്‍മിനല്‍ സ്ഥാപിക്കുന്നതിനു ലക്കിടിയില്‍ കമ്പനി വാങ്ങിയ 2 ഏക്കര്‍ ഭൂമിയില്‍ ഒന്നര ഏക്കര്‍ വനം വകുപ്പ് പരിസ്ഥിതി ദുര്‍ബല പ്രദേശത്തില്‍ ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്നു പ്രശ്‌നം
പരിഹരിക്കപ്പെട്ടപ്പോഴാണ് ഭൂമി തരംമാറ്റല്‍ ശുപാര്‍ശയില്‍ നടപടി വൈകുന്നത്. ചുരത്തില്‍ ഏകദേശം 2 ഹെക്ടര്‍ വനഭുമിക്കു മുകളിലൂടെയാണ് റോപ് വേ കടന്നുപോകേണ്ടത്. കാഴ്ചകള്‍ കണ്ട് ഒരു വശത്തേക്കുള്ള യാത്ര പൂര്‍ത്തിയാക്കാന്‍ 15 മിനിറ്റ് മതി. 3 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്താല്‍ മതി. ഒരേസമയം 6 പേര്‍ക്കു യാത്ര ചെയ്യാനാകുന്ന കേബിള്‍ കാറുകളാണ് റോപ് വേയില്‍ ഉണ്ടാകുക. അടിവാരത്തിനും ലക്കിടിക്കും ഇടയില്‍ 40 ടവറുകള്‍ സ്ഥാപിക്കേണ്ടിവരും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സാങ്കേതിക അനുമതികളെല്ലാം പദ്ധതി നേടിക്കഴിഞ്ഞു. റോപ് വേ പദ്ധതിക്കൊപ്പം അടിവാരം നൂറാംതോട് -ചിപ്പിലിത്തോട് – തളിപ്പുഴ റോഡ് കൂടി യാഥാര്‍ഥ്യമായാല്‍ ചുരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും.
ഭുമി തരം മാറ്റുന്നതിനുകൂള ശുപാര്‍ശ കോഴിക്കോട് കലക്ടര്‍, റവന്യു സൈക്രട്ടറിയുടെ ഓഫീസിലേക്ക് അയയ്ക്കാത്തതു മാത്രമാണു പ്രവൃത്തി തുടങ്ങുന്നതിനു തടസ്സം. നടപടികള്‍ ഇനിയും വൈകിയാല്‍ നിര്‍മാണ സാമഗികളുടെ വിലക്കയറ്റം പദ്ധതിയെ ബാധിക്കും. മൂന്നു വര്‍ഷം മുന്‍പ് 70 കോടി രുപയാണ് പദ്ധതിക്കു ചിലവ് പ്രതീക്ഷിച്ചത്. ഇനിയും വൈകിയാല്‍ ഒരുപാട് വ്യത്യാസം വന്നേക്കും. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ടുറിസം മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന ജില്ലക്ക് ഈ പദ്ധതി നല്ലൊരു മുതല്‍ കൂട്ടാവും.

0Shares

Leave a Reply

Your email address will not be published.

Social profiles