നെന്‍മേനിയില്‍ പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങി

ചുള്ളിയോട്: തെരുവുനായ് ആക്രമണവും പേ വിഷബാധയും രൂക്ഷമാകുന്ന സാഹചര്യത്തില്‍ നെന്‍മേനി പഞ്ചായത്തില്‍ നായ്ക്കളില്‍ പേവിഷ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു. പഞ്ചായത്തിലെ 23 വാര്‍ഡുകളിലും ക്യാമ്പ് സംഘടിപ്പിച്ചാണ് കുത്തിവയ്പ് നടത്തുന്നത്. അഞ്ച് ദിവസങ്ങളിലായി നടത്തുന്ന ക്യാമ്പുകളിലൂടെ ആയിരത്തോളം നായ്ക്കള്‍ക്ക് കുത്തിവയ്പ് നല്‍കാനാണ് പഞ്ചായത്തിന്റെ പദ്ധതി. മുഴുവന്‍ വളര്‍ത്തുനായ്ക്കള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കി ഭരണസമിതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ലൈസന്‍സിനുള്ള അപേക്ഷകള്‍ കുത്തിവയ്പ് നടത്തുന്ന സ്ഥലങ്ങളില്‍ പഞ്ചായത്ത് ജീവനക്കാരുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നുണ്ട്. നിശ്ചിത ദിവസങ്ങള്‍ക്കുശേഷം വീടുകളില്‍ പരിശോധന നടത്താനും ലൈസന്‍സ് ഇല്ലാതെ നായ്ക്കളെ വളര്‍ത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാനുമാണ് ഭരണസമിതി തീരുമാനം.
പ്രഥമ കുത്തിവയ്പ്പ് ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടില്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ കെ.വി. ശശി, ജയ മുരളി, സുജാത ഹരിദാസ്, വെറ്ററിനറി സര്‍ജന്‍ ഡോ.സ്മിത ജോണ്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ ബാബുമോന്‍, എന്‍.വി. ധനേഷ്, കെ.ഇ. സാബു, മേരി ജോസഫ്, അബ്ദുള്‍ റഷീദ്, വി. എസ്. ബിന്ദു, കെ സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles