സ്‌കൂള്‍ കൈത്താങ്ങായി ; സൗമ്യയുടെ ജിവിതചക്രം ഇനി മുന്നോട്ട്

സ്‌കൂള്‍ അധികൃതര്‍ നല്‍കിയ ഓട്ടോറിക്ഷയുമായി സൗമ്യ

മാനന്തവാടി: ഭര്‍ത്താവ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചതോടെ ജീവിതചക്രം നിലച്ച വീട്ടമ്മക്ക് ദ്വാരക യു പി സ്‌ക്കൂളിന്റെ കൈത്താങ്ങ്‌. ഉപജീവനത്തിനായി സ്‌കൂളുമായി ബന്ധപ്പെട്ടവര്‍ ഒരു മനസ്സായി നിന്നപ്പോള്‍ സൗമ്യക്കത് ജീവിതത്തിലെ പുതുയാത്രയായി. സൗമ്യയുടെ ഭര്‍ത്താവ് കമ്മന പുലിക്കാട് പല്ലിക്കാട്ട് സുധീഷ് ആശാരി ജോലി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ജോലിക്കിടെ കുഴഞ്ഞ് വീണ് സുധീഷ് മരണപ്പെടുകയായിരുന്നു. ഇതോടെ സൗമ്യയും മക്കളായ ദ്വാരക യു പി സ്‌ക്കൂളിലെ ആറാം ക്ലാസ്് വിദ്യാര്‍ത്ഥി അഭിനവ്, രണ്ടാം ക്ലാസ്് വിദ്യാര്‍ത്ഥിനി അഭിനയ എന്നിവരുടെ ജിവിതം തീര്‍ത്തും ഇരുള്‍ അടഞ്ഞതായി. ഈ സാഹചര്യത്തിലാണ് ഈ കുടുംബത്തിന് കൈതാങ്ങുക എന്ന ലക്ഷ്യത്തോടെ നന്മയുടെ ഉറവ വറ്റാത്ത കരങ്ങള്‍ ഒത്ത് ചേര്‍ന്നത്. വിദ്യാര്‍ത്ഥികള്‍, സ്‌ക്കൂളിലെ ജീവനക്കാര്‍, കുടുംബശ്രീ അംഗങ്ങള്‍, പ്രവാസികള്‍ എന്നിവര്‍ ചേര്‍ന്ന് കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിത പ്രയാണത്തില്‍ സഹായ ഹസ്തങ്ങളായി മാറി. 3 ലക്ഷം രൂപ ചിലവിട്ടാണ് ഓട്ടോറിക്ഷ വാങ്ങി നല്‍കിയത്. അധ്യാപകരായ സിസ്റ്റര്‍ ഡോണ്‍സി കെ തോമസ്, ടി.നദീര്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. താക്കോല്‍ ദാന കര്‍മ്മം രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ: സിജോ ഇളങ്കുന്നപുഴ നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ഷാജി മുളകുടിയാങ്കല്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് ആയാത്, ഷില്‍സന്‍ മാത്യു, സ്റ്റാന്‍ലി ജേക്കബ്, മനു.ജി. കുഴിവേലി, റോണിയ ജെയ്‌സന്‍, സ്മിത ഷിജു, കെ എം ഷിനോജ് സംസാരിച്ചു.

Leave a Reply

Your email address will not be published.

Social profiles