‘സൈബര്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പുകളും’: സെമിനാര്‍ നടത്തി

‘സൈബര്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പുകളും’ എന്ന വിഷയത്തില്‍ കല്‍പറ്റയില്‍ നടത്തിയ സെമിനാര്‍ വയനാട് ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ വയനാട് ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന പ്രദര്‍ശന-വിപണന മേളയിലെ പന്തലില്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ‘സൈബര്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പുകളും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാര്‍ ഉദ്ഘാടനം ചെയ്തു. വര്‍ധിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ആളുകള്‍ സൈബര്‍ ഹൈജീന്‍ പാലിക്കണമെന്നു അദ്ദേഹം പറഞ്ഞു.
കല്‍പറ്റ ഡിവൈ.എസ്.പി എം.ഡി.സുനില്‍ അധ്യക്ഷത വഹിച്ചു. സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി.കെ.ജിജീഷ് വിഷയാവതരണം നടത്തി. മാനന്തവാടി ഡിവൈ.എസ്.പി എ.പി.ചന്ദ്രന്‍, കല്‍പ്പപറ്റ പോലീസ് ഇന്‍സ്പെക്ടര്‍ കെ.പ്രമോദ്, കമ്പളക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ കെ.സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്റ്റുഡന്റ് പോലീസ് കാഡറ്റുകളടക്കം വിദ്യാര്‍ഥികളും പൊതുജനങ്ങളും പങ്കെടുത്ത സെമിനാറില്‍ ലോകം കണ്ട പലതരം ഓണ്‍ലൈന്‍ തട്ടിപ്പുകളും തന്ത്രപരമായ സൈബര്‍ അന്വേഷണങ്ങളും പോലീസ് സൈബര്‍ ക്രൈം പ്രവര്‍ത്തനങ്ങളും അവതരിപ്പിച്ചു. ലോകം കണ്ട പ്രധാന ഹാക്കര്‍മാരില്‍ ഒരാളായ ജോനാഥന്‍ ജോസഫ് ജെയിംസും ഇന്ത്യയുടെ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ തലസ്ഥാനമെന്ന് കുപ്രസിദ്ധി നേടിയ ഝാര്‍ഖണ്ഡിലെ ജാംതാര എന്ന സ്ഥലവും സെമിനാറില്‍ ചര്‍ച്ചയായി. കുട്ടികള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പിന്റെ വിവിധ രൂപങ്ങളും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പരിചയപ്പെടുത്തി. ദൃശ്യങ്ങളിലൂടെയും കാര്‍ട്ടൂണുകളിലൂടെയും നടത്തിയ ബോധവല്‍ക്കരണം വേറിട്ടതായി. സൈബര്‍ ആക്രമണങ്ങളെയും ഓണ്‍ലൈന്‍ തട്ടിപ്പിനെയും പ്രതിരോധിക്കാനുള്ള നിര്‍ദേശങ്ങളും സെമിനാറില്‍ അവതരിപ്പിച്ചു.
യൂസര്‍ നെയിമും പാസ് വേഡും നിര്‍മിക്കുമ്പോള്‍ കൂടുതലായും നമ്പറുകള്‍, സ്പെഷ്യല്‍ ക്യാരക്ടറുകള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുക, ഒരേ പാസ് വേഡ് വ്യത്യസ്ത ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ ഉപയോഗിക്കുന്നതു ഒഴിവാക്കുക, ഹാക്കിംഗ് ഒഴിവാക്കാന്‍ ഫ്രീ വൈ ഫൈ പരമാവധി ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ സെമിനാര്‍ നയിച്ചവര്‍ സദസ്സിനു നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles