കെട്ടിടത്തിനു അനുമതി വാകേരിയില്‍, ലൈസന്‍സ് നെല്ലിക്കരയില്‍, പ്രവര്‍ത്തനം കേണിച്ചിറയില്‍

കല്‍പറ്റ : മത്സ്യ-മാംസ മാര്‍ക്കറ്റിനു കെട്ടിടം പണിയുന്നതിനു അനുമതി നല്‍കിയതു വാകേരിയില്‍. ലൈസന്‍സ് അനുവദിച്ചത് നെല്ലിക്കരയില്‍. മാര്‍ക്കറ്റ് പ്രവര്‍ത്തനം കേണിച്ചിറയില്‍. വയനാട്ടിലെ പൂതാടി പഞ്ചായത്തിലാണ് ഈ മറിമായം. മുന്‍ ഭരണസമിതിയാണ് കെട്ടിട നിര്‍മാണത്തിനു അനുമതി നല്‍കിയത്. നിലവിലെ യു.ഡി.എഫ് ഭരണസമിതിയാണ് കേണിച്ചിറയില്‍ ലൈസന്‍സ് അനുവദിച്ചത്.
പൂതാടി പഞ്ചായത്തില്‍ കാലങ്ങളായി തുടരുന്ന ക്രമക്കേടുകളുടെയും നിയമ-ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഉദാഹരണങ്ങളില്‍ ഒന്നാണിതെന്നു ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.പി.മധു, പുല്‍പള്ളി മണ്ഡലം പ്രസിഡന്റ് സിനേഷ് വാകേരി, പൂതാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സ്മിത സജി, ഇരുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഒ.കെ.തങ്കമണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പൂതാടി പഞ്ചായത്തില്‍ സംസ്ഥാന ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ നിരവധി സാമ്പത്തിക ക്രമക്കേടുകളും ചട്ടവിരുദ്ധ നടപടികളുമാണ് കണ്ടെത്തിയത്. 2020-21ലെ ബജറ്റ് പോലും ചട്ടവിരുദ്ധമായി അപൂര്‍ണമായാണ് അവതരിപ്പിച്ചതെന്നു ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്.
ആദിവാസികള്‍ക്കായുള്ള കുടിവെള്ള പദ്ധതി, വാട്ടര്‍ ടാങ്ക് വിതരണം, വയോജനങ്ങള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കുമുള്ള കമ്പിളി വിതരണം, ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണം, വീട്ടുവളപ്പിലെ മത്സ്യകൃഷി, സുഭിക്ഷകേരളം മത്സ്യകൃഷി, അങ്കണവാടി കുട്ടികള്‍ക്കായുള്ള പോഷകാഹാര വിതരണം തുടങ്ങിയവയില്‍ നടന്ന ക്രമക്കേടുകളും ഓഡിറ്റില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പഞ്ചായത്ത് മതിയായ രേഖകളില്ലാതെ കെട്ടിട നിര്‍മാണത്തിനു അനുമതി നല്‍കിയിട്ടുണ്ട്.
ക്രമക്കേടിനും അഴിമതിക്കും നേതൃത്വം നല്‍കിയ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.പി.എമ്മിലെ രുക്മിണി സുബ്രഹ്‌മണ്യന്‍ നിലവിലെ ഭരണസമിതി അംഗത്വം രാജിവെക്കണം. ഇപ്പോഴത്തെ പ്രസിഡന്റ് യു.ഡി.എഫിലെ മേഴ്‌സി സാബു പദവി ഒഴിയണം. പഞ്ചായത്ത് സെക്രട്ടറിയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യണം. ക്രമക്കേടുകളും അഴിമതികളും സമഗ്ര വിജിലന്‍സ് അന്വേഷണത്തിനു വിധേയമാക്കണം. ഇതുസംബന്ധിച്ചു ബി.ജെ.പി ബന്ധപ്പെട്ട അധികാരികള്‍ക്കു പരാതി നല്‍കും. ശക്തമായ പ്രക്ഷോഭവും സംഘടിപ്പിക്കും. സമരത്തിന്റെ ഭാഗമായി 20,21 തീയതികളില്‍ പഞ്ചായത്ത് കാര്യാലയത്തിനു മുന്നില്‍ ധര്‍ണ നടത്തുമെന്നും പാര്‍ട്ടി ഭാരവാഹികള്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles