ദുരിതക്കുഴിയില്‍ യവനാര്‍കുളം, കുളത്താട പ്രദേശവാസികള്‍

മുതിരേരി പാലം പൊളിച്ചിട്ട ഭാഗം

മാനന്തവാടി: നൂറ് കോടിയിലധികം രൂപ ചിലവഴിച്ച് നടത്തുന്ന മാനന്തവാടി, വിമലനഗര്‍, കുളത്താട, വാളാട്, പേരിയ റോഡ് നിര്‍മാണം ഫലത്തില്‍ നാട്ടുകാര്‍ക്ക് വിനയാവുന്നു. ദീര്‍ഘവീക്ഷണമില്ലാതെയും അശാസ്ത്രീയവുമായുമുള്ള പാലം പണിയാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. റോഡ് പണിയുടെ ഭാഗമായി നാല് മാസങ്ങള്‍ക്ക് മുമ്പാണ് മുതിരേരി പാലം പൊളിച്ച് മാറ്റിയത്. മഴക്ക് മുമ്പ് പാലത്തിന്റെ പണി പൂര്‍ത്തിയാക്കുമെന്ന് കരാറുകാരന്‍ പ്രദേശവാസികള്‍ക്ക് ഉറപ്പുനല്‍കിയിരുന്നെങ്കിലും നിര്‍മ്മാണം ഇഴഞ്ഞു നിങ്ങുന്നതാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്.
സുരക്ഷാ സംവിധാനത്തോടെ താല്‍ക്കാലിക പാലം നിര്‍മ്മിക്കുകയും പുതിയ പാലത്തിന്റെ പണി വേഗത്തിലാക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജോയ്‌സി ഷാജു ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജോണി മറ്റത്തിലാനി, പോരുര്‍ ഗവ: എല്‍ പി സ്‌കൂള്‍ പി ടി എ പ്രസിഡന്റ് മനോജ് കല്ലരികാട്ട് എന്നിവര്‍ വാര്‍ത്തസമ്മേളത്തില്‍ ആവശ്യപ്പെട്ടു.
താല്‍ക്കാലികമായി നിര്‍മ്മിച്ച ചപ്പാത്ത് പാലം അപകട ഭീഷണിയിലാണ്. ഇതിലൂടെയുള്ള കാല്‍നട യാത്ര പോലും ജീവന്‍ പണയംവെച്ചാണ്. നിറഞ്ഞൊഴുകുന്ന തോടിനുമുകളില്‍ നിര്‍മ്മിച്ച താല്‍കാലിക പാലത്തിലൂടെ നൂറുകണക്കിന് യാത്രക്കാരും വിദ്യാര്‍ത്ഥികളുമാണ് സഞ്ചാരിക്കുന്നത്. പാലം ഇല്ലാതായതോടെ പ്രദേശത്തേക്ക് സര്‍വീസ് നടത്തിയിരുന്ന എക ബസ്സ് ഓട്ടം നിര്‍ത്തിയിരുന്നു. ഇതോടെ പ്രദേശവാസികള്‍ വലിയ യാത്രാക്ലേശം നേരിടുകയാണ്.
പോരൂര്‍ ഗവ: എല്‍ പി, സര്‍വോദയം യു പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ എങ്ങനെ വിദ്യാലങ്ങളില്‍ എത്തിച്ചേരും എന്നതാണ് രക്ഷിതാക്കളെയും അധ്യാപകരേയും അലട്ടുന്നത്. അതോടൊപ്പം, ഡ്രൈനേജുകളും സംരക്ഷണ ഭിത്തികളും ആവശ്യമായ പല സ്ഥലങ്ങളിലും ഇവ ഇല്ലാത്തതായും പരാതി ഉയരുന്നുണ്ട്. യാതൊരു സുരക്ഷാ സംവിധാനവും ഇല്ലാതെ റോഡ് നിര്‍മ്മിച്ചതിനാല്‍ പ്രദേശത്തെ നിരവധി വീടുകള്‍ മണ്ണിടിച്ചില്‍ ഭിഷണിയിലാണെന്നും പരാതിയുണ്ട്. ഒരു പ്രദേശമാകെ ഒറ്റപ്പെടുന്ന വിഷയത്തില്‍ ദുരന്തനിവാരണ സമതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ദുരിതത്തിന് അടിയന്തര പരിഹാരം കാണാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles