രജിസ്‌ട്രേഷന്‍ വകുപ്പിനെ അഴിമതിമുക്തമാക്കും-മന്ത്രി വി.എന്‍.വാസവന്‍

മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടം രജിസ്‌ട്രേഷന്‍-സഹകരണ മന്ത്രി വി.എന്‍.വാസവന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: രജിസ്‌ട്രേഷന്‍ വകുപ്പിനെ അഴിമതിമുക്തമാക്കുമെന്നു രജിസ്‌ട്രേഷന്‍-സഹകരണ മന്ത്രി വി.എന്‍.വാസവന്‍. സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രജിസ്‌ട്രേഷന്‍ വകുപ്പിനെ കൂടുതല്‍ ആധുനികവല്‍ക്കരിച്ച് മുഴുവന്‍ ആധാരങ്ങളും ഡിജിറ്റലാക്കും.ഓണ്‍ലൈന്‍ സംവിധാനം വന്നതോടെ രജിസ്‌ട്രേഷന്‍ വകുപ്പ് കാലോചിതമായ മുന്നേറ്റത്തിന്റെ പാതയിലാണ്. സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതോടെ ആധാരം രജിസ്‌ട്രേഷന്‍ രംഗത്ത് പുതിയ വേഗങ്ങള്‍ കൈവരിക്കാനാവും. ആധാരം എഴുത്ത് ജീവനക്കാരുടെ ക്ഷേമ പദ്ധതികള്‍ സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി അധ്യക്ഷത വഹിച്ചു. രാഹുല്‍ ഗാന്ധി എം.പിയുടെയും ഒ.ആര്‍.കേളു എം.എല്‍.എയുടെയും സന്ദേശം ചടങ്ങില്‍ വായിച്ചു. പ്രൊജക്ട് എന്‍ജിനിയര്‍ സി.കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഫലകം അനാച്ഛാദനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി.എസ് മൂസ, കൗണ്‍സിലര്‍മാരായ ബി.ഡി.അരുണ്‍കുമാര്‍, അശോകന്‍ കൊയിലേരി, ജില്ലാ രജിസ്ട്രാര്‍ എ.ബി.സത്യന്‍, സബ് രജിസ്ട്രാര്‍ റെജു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 1.2 കോടി രൂപ ചെലവിലാണ് ഓഫീസിനു പുതിയ കെട്ടിടം നിര്‍മിച്ചത്. മാനന്തവാടി, പയ്യമ്പളളി, പേരിയ, വാളാട്, എടവക, നല്ലൂര്‍നാട്, തിരുനെല്ലി, തവിഞ്ഞാല്‍, തൃശിലേരി വില്ലേജുകള്‍ മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസിനു പരിധിയിലാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles