കൗതുകമായി മദ്‌റസാ തെരഞ്ഞെടുപ്പ്

മദ്‌റസത്തുല്‍ അന്‍സാരിയ്യയില്‍ വോട്ട് ചെയ്യാന്‍ ക്യൂനില്‍ക്കുന്ന കുരുന്നുകള്‍, വോട്ട് ചെയ്യുന്ന വിദ്യാര്‍ത്ഥി

കമ്പളക്കാട്: ജില്ലയിലെ തന്നെ പ്രധാന മദ്‌റസകളിലൊന്നായ കമ്പളക്കാട് മദ്റസത്തുല്‍ അന്‍സാരിയ്യ കഴിഞ്ഞ ഒരാഴ്ചക്കാലം തെരഞ്ഞെടുപ്പിന്റെ ആവേശത്തിമിര്‍പ്പിലായിരുന്നു. തൊള്ളായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി ഒരാഴ്ചയോളം നീണ്ടു നിന്ന ഇലക്ഷന്‍ പ്രചരണവും വോട്ട് ചെയ്യലും ഫലപ്രഖ്യാപനവുമൊക്കെ. ഓരോരുത്തരും 11 വീതം വോട്ടുകളാണ് ചെയ്തത്. ജനാധിപത്യം ചോദ്യചിഹ്നമാവുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ഭാവി തലമുറയെ ജനാധിപത്യ ബോധമുള്ളവരാക്കാനും സമൂഹത്തോടും രാജ്യത്തോടുമുള്ള കൂട്ടുത്തരവാദിത്വം മനസ്സിലാക്കുന്നതിനും ജനാധിപത്യ രാജ്യത്ത് തങ്ങള്‍ക്കുള്ള സമ്മതിദാനവകാശം വിനിയോഗിക്കേണ്ടതെങ്ങിനെയെന്നും വിദ്യാര്‍ത്ഥികളെ പ്രബുദ്ധരാക്കുന്ന രീതിയിലായിരുന്നു തിരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തത്. സുന്നി ബാലവേദിപ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, മദ്രസ ലീഡര്‍, ഡെപ്യുട്ടി ലീഡര്‍, ഗേള്‍സ് ലീഡര്‍, സെക്കന്റ് ലീഡര്‍, മാഗസിന്‍ എഡിറ്റര്‍, ലൈബ്രറി സെക്രട്ടറി, ആര്‍ട്‌സ് സെക്രട്ടറി, സാനിറ്റേഷന്‍ സെക്രട്ടറി തുടങ്ങി പതിനൊന്ന് സ്ഥാനങ്ങളിലേക്കായി അമ്പതോളം സ്ഥാനാര്‍ഥികള്‍ വാശിയേറിയ മത്സരം കാഴ്ചവെച്ചു. ദിവസവും 15 മിനുട്ട് ഉപയോഗപ്പെടുത്തിയുള്ള വോട്ട് പിടുത്തവും നോമിനേഷന്‍ സമര്‍പ്പണവും ബാലറ്റ് പേപ്പറും ബാലറ്റ് പെട്ടിയും സ്‌ട്രോങ്ങ് റൂമും, ബൂത്ത് ഏജന്റുമാരും ഇലക്ഷന്‍ കമ്മീഷനും പ്രിസൈഡിംഗ് ഓഫീസറും പോളിംഗ് ഉദ്യോഗസ്ഥരും വോട്ടെണ്ണലും ഫലപ്രഖ്യാപനവും തുടങ്ങി ഒരു പൊതു തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ ചിട്ടവട്ടങ്ങളും ഒരുക്കി നടത്തിയായിരുന്നു തെരഞ്ഞെടുപ്പ്. അയ്യൂബ് മൗലവി, ശംസുദ്ദീന്‍ വാഫി, ഇസ് ഹാഖ് ദാരിമി, അനസ് അസ് ലമി, ലുഖ്മാനുല്‍ ഹകീം വി.പി.സി തുടങ്ങിയവരുടെ നേതൃത്വത്തില്‍ 21 മുഅല്ലിംകളും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles