കല്‍പ്പറ്റ ബൈപാസ്: മന്ത്രിയുടെ നിര്‍ദേശം പ്രാവര്‍ത്തികമായില്ല

കല്‍പ്പറ്റ: ട്രാഫിക് ജംഗ്ഷനെ കൈനാട്ടിയുമായി ബന്ധിപ്പിക്കുന്ന ബൈപാസ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന പൊതുമരാമത്ത് മന്ത്രിയുടെ നിര്‍ദേശം കരാര്‍ കമ്പനി പാലിച്ചില്ല. പൊട്ടിപ്പൊളിഞ്ഞ ബൈപാസ് രണ്ടാഴ്ചയ്ക്കകം ഗതാഗതയോഗ്യമാക്കണമെന്നു മൂന്നാഴ്ച മുമ്പാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കരാര്‍ സ്ഥാപനത്തിനു നിര്‍ദേശം നല്‍കിയത്. മന്ത്രി പറഞ്ഞ സമയപരിധി കഴിഞ്ഞിട്ടും അതേപടി കിടക്കുകയാണ് റോഡ്.
ജൂണ്‍ നാലിനു ജില്ലയിലെത്തിയ പൊതുമരാമത്ത് മന്ത്രി റോഡുകളുടെ അവസ്ഥ അവലോകനം ചെയ്തിരുന്നു. ഇതിനുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് ബൈപാസ് സമയബന്ധിതമായി ഗതാഗത യോഗ്യമാക്കുന്നതിനു കരാര്‍ കമ്പനിക്കു കര്‍ശന നിര്‍ദേശം നല്‍കിയെന്നു അറിയിച്ചത്. നിര്‍ദേശം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കമ്പനിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
മന്ത്രി ജില്ലയിലെത്തിയ ദിവസം കരാര്‍ കമ്പനി ബൈപാസിലെ ഏതാനും കുഴികള്‍ അടച്ചിരുന്നു. ഇതിനുശേഷം ഒരു പ്രവൃത്തിയും നടന്നിട്ടില്ലെന്നു ബൈപാസ് പരിസരത്തെ താമസക്കാര്‍ പറയുന്നു. നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമെന്ന നിലയില്‍ നിര്‍മിച്ചതാണ് ബൈപാസ്. ഇതു തകര്‍ന്നുകിടക്കുന്നതുമൂലം വലിയ ചരക്കു വാഹനങ്ങളടക്കം നഗരത്തിലൂടെയാണ് പോകുന്നത്. റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്നാണ് നഗരവാസികളടക്കം ആവശ്യപ്പെടുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles