ഓണകിറ്റിലെ ശര്‍ക്കര വരട്ടി ഇത്തവണയും കുടുംബശ്രീയുടെ കൈപ്പുണ്യത്തില്‍

ശര്‍ക്കര വരട്ടി നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന കുടുംബശ്രീ യൂണിറ്റ്.

കല്‍പറ്റ: ഓണത്തിനോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സപ്ലൈക്കോയിലൂടെ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യകിറ്റില്‍ ഇത്തവണയും കുടുംബശ്രീ പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച ശര്‍ക്കര വരട്ടിയുടെ മധുരവും ഉണ്ടാകും. ഓണകിറ്റുകളിലേക്കുള്ള ശര്‍ക്കരവരട്ടി വിതരണത്തിന് തയ്യാറായി. ശര്‍ക്കര വരട്ടി, ചിപ്‌സ് എന്നിവ തയ്യാറാക്കി വിതരണം ചെയ്യുന്നത് ഇത്തവണയും ജില്ലയിലെ വിവിധ കുടുംബശ്രീ സംരംഭകരാണ്. ജില്ലയിലെ മൂന്നു സപ്ലൈകോ ഡിപ്പോകളിലൂടെ 100 ഗ്രാം വീതമുള്ള 2 ലക്ഷത്തോളം ശര്‍ക്കര വരട്ടി പാക്കറ്റുകളാണ് എത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് ശര്‍ക്കര വരട്ടി ഓണക്കിറ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇത്തവണയും കുടുംബശ്രീക്കാണ് ശര്‍ക്കരവരട്ടിയുടെ നിര്‍മ്മാണ ചുമതല. കുടുംബശ്രീ ജില്ലാ മിഷന്‍ ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകളോട് ശര്‍ക്കര വരട്ടിയുടെ അസംസ്‌കൃത വസ്തുക്കള്‍ കണ്ടെത്തി ശര്‍ക്കര വരട്ടികള്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കി. പാക്കറ്റ് ഒന്നിന് 27 രൂപ വീതം കുടുംബശ്രീ യൂണിറ്റിന് ലഭിക്കും. മാനന്തവാടി ഡിപ്പോയിലേക്ക് 61,500, കല്‍പ്പറ്റ ഡിപ്പോയിലേക്ക് 65,000, ബത്തേരി ഡിപ്പോയിലേക്ക് 73,500 ശര്‍ക്കര വരട്ടി കിറ്റുകളുമാണ് വിതരണം ചെയ്യുന്നത്. മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ സപ്ലൈകോ ഡിപ്പോകളിലെ പാക്കിംഗ് സെന്ററുകളിലേക്കാണ് ശര്‍ക്കരവരട്ടി വിതരണത്തിനായി എത്തിക്കുന്നത്. ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകളുടെ നിയന്ത്രണത്തിലുള്ള ചെറുകിട സംരംഭകരാണ് നിര്‍മാണവും പാക്കിംഗും നടത്തുന്നത്. ചെറുകിട സംരംഭകരുടെ താല്‍പര്യവും ഉല്‍പാദന ക്ഷമതയും അനുസരിച്ച് ഭക്ഷ്യസുരക്ഷാ മാര്‍ഗനിര്‍ദ്ദേശം പാലിക്കുന്ന 10 യൂണിറ്റുകള്‍ക്കാണ് സമയബന്ധിതമായി ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. എ.കെ ചിപ്‌സ്, ടേസ്റ്റി ഡോട്ട്‌സ് ബേക്കറി യൂണിറ്റ്, സംഗമം ബേക്കറി, ജൈവ ഡെയിലി ബാണാസുര, റിച്ച് ഫുഡ്, ബി.ബി.എസ് ഗ്രൂപ്പ്, നന്‍മ ഫുഡ് പ്രാേഡക്ട്‌സ്, സ്വീറ്റ് ബേക്കറി, ഹണി, എബനേസര്‍ ബേക്കറി ആന്‍ഡ് കൂള്‍ബാര്‍ എന്നീ യൂണിറ്റുകള്‍ക്കാണ് വിതരണ ചുമതല. പഞ്ചായത്ത് തലത്തില്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഉത്പാദനം നടത്തുന്നത്. മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാര്‍, കുടുംബശ്രീ മിഷന്‍ പോഗ്രാം മാനേജര്‍മാര്‍, സപ്ലൈകോ ക്വാളിറ്റി ഓഫീസര്‍മാര്‍ എന്നിവരും യൂണിറ്റുകള്‍ സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. പദ്ധതി കുടുംബശ്രീ യൂണിറ്റുകള്‍ക്കും വരുമാന മാര്‍ഗമാവുകയാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles