‘സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കണം’

കല്‍പറ്റ: രാഹുല്‍ഗാന്ധി എം.പിയുടെ വയനാട് ഓഫീസ് അക്രമക്കേസില്‍ സി.പി.എം വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിനെ ഒന്നാംപ്രതിയാക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കലാപത്തിനു ശ്രമിക്കുന്നുവെന്ന സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
ഗാന്ധിചിത്രം തകര്‍ത്ത കേസില്‍ എം.പി ഓഫീസ് ജീവനക്കാരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അറസ്റ്റുചെയ്തതിനെതുടര്‍ന്നു ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, എം.എല്‍.എമാരായ ടി.സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ എന്നിവര്‍ ഡിവൈ.എസ്.പി ഓഫീസ് വരാന്തയില്‍ കുത്തിയിരിപ്പുസമരം നടത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മളനത്തിലാണ് എം.എല്‍.എമാര്‍ കലാപത്തിനു ശ്രമിക്കുന്നുവെന്നു സി.പി.എം ജില്ലാ സെക്രട്ടറി ആരോപിച്ചത്.
സി.പി.എം നേതൃത്വം നടത്തിയ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് എം.പി ഓഫീസില്‍ എസ്.എഫ്.ഐ അക്രമം നടന്നതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. വ്യക്തമായ നിര്‍ദേശം ഇല്ലാതിരുന്നുവെങ്കില്‍ ഓഫീസില്‍ അക്രമത്തിനു പോലീസ് സൗകര്യം ഒരുക്കില്ലായിരുന്നുവെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗാന്ധിചിത്രം തകര്‍ത്ത കേസ് പുതിയ സംഘം അന്വേഷിക്കുമെന്ന അഡീഷണല്‍ എസ്്.പിയുടെ ഉറപ്പിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഡി.വൈ.എസ്.പി ഓഫീസ് വരാന്തയിലെ സമരം അവസാനിപ്പിച്ചത്. എംപി ഓഫീസ് അക്രമവും കഴിഞ്ഞ ദിവസത്തെ അറസ്റ്റും ഉന്നതതലത്തില്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമെങ്കില്‍ കേസ് പുതിയ സംഘം അന്വേഷിച്ചതുകൊണ്ടു എന്തു പ്രയോജനം എന്ന ചോദ്യത്തിനു സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ പറ്റുമോ എന്നായിരുന്നു സതീശന്റെ പ്രതികരണം.

0Shares

Leave a Reply

Your email address will not be published.

Social profiles