കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ചോര്‍ന്നൊലിക്കുന്നു;
നിലവാരമില്ലാത്ത എം സാന്‍ഡ് ഉപയോഗം പ്രധാന കാരണമെന്നു സി.ഡബ്ല്യു.എസ്.എ

കല്‍പറ്റ: പ്രവൃത്തി പൂര്‍ത്തിയാകുന്നതിനു പിന്നാലെ ചോര്‍ന്നൊലിക്കുകയും ഭിത്തികളില്‍ വിള്ളല്‍ വീഴുകയും ചെയ്യുന്ന കോണ്‍ക്രീറ്റ് വീടുകളുടെയും കെട്ടിടങ്ങളുടെയും എണ്ണം വയനാട്ടില്‍ വര്‍ധിക്കുന്നു. നിര്‍മാണം നടന്നു ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോഴേക്കും ചോര്‍ച്ച ഒഴിവാക്കുന്നതിനു മാര്‍ഗം തേടേണ്ടിവരികയാണ് വീട്, കെട്ടിടം ഉടമകള്‍. ഇന്‍ഡസ്ട്രിയല്‍ റൂഫ് വര്‍ക്ക് നടത്തിയാണ് പലരും പ്രശ്‌നത്തിനു പരിഹാരം കാണുന്നത്. ഇതു വലിയ അധികച്ചെലവാണ് വീട്, കെട്ടിടം ഉടമകള്‍ക്കു വരുത്തുന്നത്.
ഗുണനിലവാരമില്ലാത്ത എം സാന്‍ഡ്, കെമിക്കല്‍ ചേര്‍ത്ത സിമന്റ്, അശുദ്ധജലം എന്നിവ ഉപയോഗിച്ചു വാര്‍പ്പുപണിക്കു കോണ്‍ക്രീറ്റ് തയാറാക്കുന്നതാണ് വീട്, കെട്ടിടം ഉടമകള്‍ നേരിടുന്ന ദുരവസ്ഥയ്ക്കു മുഖ്യ കാരണമെന്നു വര്‍ഷങ്ങളായി നിര്‍മാണ രംഗത്തുള്ളവര്‍ പറയുന്നു.
പുഴ, വയല്‍ മണല്‍ ഖനനത്തിനു വിലക്കുവന്നതോടെയാണ് പാറ പൊടിച്ചുണ്ടാക്കുന്ന എം സാന്‍ഡ്, പി സാന്‍ഡ് എന്നിവയുടെ ഉപയോഗം കെട്ടിടനിര്‍മാണത്തില്‍ വ്യാപകമായത്. എം സാന്‍ഡ് കോണ്‍ക്രീറ്റ് തയാറാക്കന്നതിനും പി സാന്‍ഡ് തേപ്പിനുമാണ് പ്രയോജനപ്പെടുത്തുന്നത്. ക്വാറി വേസ്റ്റ് അടക്കം പൊടിച്ചുണ്ടാക്കുന്നതാണ് ജില്ലയില്‍ വില്‍പനയ്ക്കു എത്തുന്ന എം സാന്‍ഡും പി സാന്‍ഡും. ഗുണനിലവാരം ഉറപ്പുവരുത്താതെയാണ് കെട്ടിടം പണിക്കു ഇവ ഉപയോഗിക്കുന്നത്. നിര്‍മാണ സാമഗ്രികളുടെ ഗുണനിലവാര പരിശോധനയ്ക്കു ഒരു വര്‍ഷം മുമ്പ് സബ്കലക്ടര്‍ അധ്യക്ഷനായി സമിതി രൂപീകരിച്ചെങ്കിലും നിര്‍ജീവമാണ്. ഇതര ജില്ലകളില്‍നിന്നു കൊണ്ടുവന്ന എം സാന്‍ഡും പി സാന്‍ഡും വില്‍പനയ്ക്കു വച്ചിരിക്കുന്ന യാര്‍ഡുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ട്. ഇവിടങ്ങളില്‍ പേരിനുപോലും ഗുണനിലവാര പരിശോധന നടക്കുന്നില്ല. അരിച്ച് പൊടി നീക്കം ചെയ്യാത്തതാണ് മറ്റിടങ്ങളിലെ ക്വാറി-ക്രഷര്‍ യൂനിറ്റുകളില്‍നിന്നു ജില്ലയില്‍ എത്തുന്ന എം സാന്‍ഡിലും പി സാന്‍ഡിലും നല്ലൊരു ഭാഗം.
അര നൂറ്റാണ്ടിനു മുകളില്‍ പഴക്കമുണ്ടെങ്കിലും കാര്യമായ ബലക്ഷയമോ ചോര്‍ച്ചയോ ഇല്ലാത്ത കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ജില്ലയിലുണ്ട്. മേത്തരം കമ്പി, സിമന്റ്, മെറ്റല്‍, മണല്‍, ശുദ്ധജലം എന്നിവ നിശ്ചിത അനുപാതത്തില്‍ ചേര്‍ത്തു തയാറാക്കിയ കോണ്‍ക്രീറ്റ് ഉപയോഗിച്ചു വാര്‍പ്പുപണി നടത്തിയതാണ് ഈ കെട്ടിടങ്ങള്‍. കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ ബലക്ഷയത്തിന്റെ ലക്ഷണങ്ങള്‍ പോലും പ്രകടമായിരുന്നതു നിര്‍മാണം നടന്ന് കാല്‍ നൂറ്റാണ്ടെങ്കിലും കഴിഞ്ഞായിരുന്നു. ഈ അവസ്ഥയ്ക്കാണ് ഇപ്പോള്‍ മാറ്റം.
ചെലവ് പരമാവധി കുറയ്ക്കാനുള്ള ഉടമകളുടെ വ്യഗ്രതയാണ് കുറഞ്ഞ കാലയളവില്‍ ബലക്ഷയവും ചോര്‍ച്ചയും ഉണ്ടാകുന്ന കെട്ടിടങ്ങളുടെ നിര്‍മാണത്തിനു ഇടയാക്കുന്നതെന്നു കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍(സി.ഡബ്ല്യു.എസ്.എ) ജില്ലാ ഭാരവാഹികളായ കെ.വി.ഹൈദ്രു, ജി.ആര്‍.സുബ്രഹ്‌മണ്യന്‍, പി.സി.സോജന്‍, രാജേഷ് പുല്‍പള്ളി, വി.എ.സുകുമാരന്‍ എന്നിവര്‍ പറഞ്ഞു.
വില്‍പനയ്ക്കായി വീടുകളും കെട്ടിടങ്ങളും പണിയുന്നവരില്‍ പലരും നിര്‍മാണ വസ്തുക്കളുടെ ഗുണനിലവാരത്തില്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് സി.ഡബ്ല്യു.എസ്.എ ഭാരവാഹികളുടെ അഭിപ്രായം. കെട്ടിടങ്ങളുടെ കുറഞ്ഞ ചെലവിലുള്ള നിര്‍മാണവും കൂടിയ വിലയ്ക്കുള്ള വില്‍പനയുമാണ് ചിലരുടെ ലക്ഷ്യം.
വാര്‍പ്പിലും തേപ്പിലും സാന്‍ഡ് പോലെ പ്രധാനപ്പെട്ടതാണ് ശുദ്ധജലം. കെട്ടിടം പണി കരാറുകാരെ ഒഴിവാക്കി നേരിട്ടു നടത്തുന്നവര്‍ക്കു പോലും ഇക്കാര്യത്തില്‍ മതിയായ ശ്രദ്ധയില്ല. മലിനജലം ചേര്‍ത്തു തയാറാക്കുന്ന കോണ്‍ക്രീറ്റിന്റെ ബലം ദീര്‍ഘകാലം നീളില്ല. അതുപോലെയാണ് കെമിക്കല്‍ ചേര്‍ത്ത സിമന്റിന്റെ ഉപയോഗവും.
പാരമ്പര്യമോ പരിചയമോ ഇല്ലാത്തവരുടെ കരാറുകാര്‍ എന്ന നിലയിലുള്ള കടന്നുകയറ്റം നിര്‍മാണ മേഖല നേരിടുന്ന മറ്റൊരു വെല്ലുവിളിയാണെന്നു സി.ഡബ്ല്യു.എസ്.എ ഭാരവാഹികള്‍ പറയുന്നു. ഇത്തരം കരാറുകാര്‍ ഇതര സംസ്ഥാന തൊഴിലാളികളെയാണ് ജോലിക്കു നിയോഗിക്കുന്നത്. കരാറുകാര്‍ ലഭ്യമാക്കുന്ന സാമഗ്രികളാണ് തൊഴിലാളികള്‍ പ്രവൃത്തിക്കു ഉപയോഗിക്കുന്നത്. നിര്‍മാണ സാമഗ്രികളുടെ ഗുണനിലവാരത്തെക്കുറിച്ചു അവര്‍ക്കു ആലുതലയില്ല. കരാറുകാരനുമായി പറഞ്ഞുറപ്പിച്ച നിരക്കില്‍ സമയബന്ധിതമായി പ്രവൃത്തി തീര്‍ത്തുകൊടുക്കുന്നതില്‍ മാത്രമാണ് തൊഴിലാളികള്‍ക്കു ശുഷ്‌കാന്തി.

0Shares

Leave a Reply

Your email address will not be published.

Social profiles