തടികള്‍ കണ്ടുകെട്ടിയ നടപടി
സ്റ്റേ ചെയ്ത സാഹചര്യം പരിശോധിക്കണം-എ.ഐ.വൈ.എഫ്

കല്‍പറ്റ: മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യൂ പട്ടയ ഭൂമികളില്‍നിന്നു അനധികൃതമായി മുറിച്ച ഈട്ടി മരങ്ങള്‍ വനം വകുപ്പ് കണ്ടുകെട്ടിയ നടപടി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സ്റ്റേ ചെയ്ത സാഹചര്യം പരിശോധിക്കണമെന്നു എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് സജി വര്‍ഗീസ്, സെക്രട്ടറി ലെനി സ്റ്റാന്‍സ് ജേക്കബ്, വൈസ് പ്രസിഡന്റ് എസ്.സൗമ്യ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുട്ടില്‍ മരം മുറി കേസുകളില്‍ ഉള്‍പ്പെട്ട റോജി അഗസ്റ്റിന്‍ ഉള്‍പ്പെടെ ചിലര്‍ സമര്‍പ്പിച്ച ആറു വ്യത്യസ്ത ഹര്‍ജികളിലാണ് തടികള്‍ കണ്ടുകെട്ടിയ നടപടി കോടതി സ്റ്റേ ചെയ്തത്. 1971ലെ വന നിയമത്തിലെ സെക്ഷന്‍ 61(ബി) പ്രകാരം നോട്ടീസ് നല്‍കാതെയാണ് സെക്ഷന്‍ 61(എ) അനുസരിച്ചു തടികള്‍ കണ്ടുകെട്ടിയതെന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചത്. ഇതു കോടതി അംഗീകരിക്കുകയായിരുന്നു. സ്റ്റേ അനുവദിക്കുന്നതിനെ ഗവ.പ്ലീഡര്‍ ഇന്‍ ചാര്‍ജ് എതിര്‍ക്കാതിരുന്നതു ദുരൂഹമാണ്. മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട കേസുകളെ ദുര്‍ബലപ്പെടുത്തുന്ന നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിച്ചത്.
2020 ഡിസംബറില്‍ തൃക്കൈപ്പറ്റ വില്ലേജില്‍ റവന്യൂ പട്ടയഭൂമിയില്‍ അനധികൃത ഈട്ടിമുറി നടന്നിരുന്നു. ഇതുസംബന്ധിച്ചു സൂരജ് ജേക്കബ് എന്നയാള്‍ സൗത്ത് വയനാട് ഡി.എഫ്.ഒയ്ക്കും വില്ലേജ് ഓഫീസര്‍ക്കും നല്‍കിയ പരാതി അവഗണിക്കപ്പെട്ടു. ഇതാണ് മുട്ടില്‍ സൗത്ത് വില്ലേജില്‍ മരം മുറിക്കു കളം ഒരുക്കിയത്. അനധികൃത മരംമുറി ശ്രദ്ധയില്‍പ്പെട്ടിട്ടും തടയുന്നതിനു അന്നത്തെ ജില്ലാ കലക്ടറും വൈത്തിരി തഹസില്‍ദാരും നടപടി സ്വീകരിച്ചില്ല. പൊതുപ്രവര്‍ത്തകരുടെ ഇടപെടലാണ് മരം മുറി നിര്‍ത്തിവെപ്പിക്കുന്നതിനും മുറിച്ച മരങ്ങള്‍ കണ്ടുകെട്ടുന്നതിനും സഹായകമായത്. തൃക്കൈപ്പറ്റ വില്ലേജിലെ അനധികൃത ഈട്ടിമുറിയുമായി ബന്ധപ്പെട്ടു പോലീസ് പി.ഡി.പി.പി നിയമപ്രകാരം കേസെടുത്തെങ്കിലും തുടര്‍ നടപടി ഉണ്ടായില്ലെന്നും എ.ഐ.വൈ.എഫ് നേതാക്കള്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles