മടക്കിമലയില്‍ ഭൂ ലഭ്യത ഉറപ്പുവരുത്തി ആക്ഷന്‍ കമ്മിറ്റി
*ഭൂമി വിണ്ടും സര്‍ക്കാരിനു കൈമാറാന്‍ സന്നദ്ധമെന്നു ചന്ദ്രപ്രഭ ട്രസ്റ്റ്

ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് എം.ജെ. വിജയപ്ദമന്‍(ഇടതുനിന്നു രണ്ടാമത്) വയനാട് മെഡിക്കല്‍ കോളജ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്കൊപ്പം.

കല്‍പറ്റ: വയനാട് മെഡിക്കല്‍ കോളജ് നിര്‍മാണത്തിനു കോട്ടത്തറ വില്ലേജിലെ മടക്കിമലയില്‍ ഭൂ ലഭ്യത ഉറപ്പുവരുത്തി ആക്ഷന്‍ കമ്മിറ്റി. കഴിഞ്ഞ ദിവസം ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ.പി. ഫിലിപ്പുകുട്ടി, ജനറല്‍ കണ്‍വീനര്‍ വിജയന്‍ മടക്കിമല, ട്രഷറര്‍ വി.പി. അബ്ദുല്‍ ഷുക്കൂര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ മെഡിക്കല്‍ കോളജ് നിര്‍മാണത്തിനു ഭൂമി വീണ്ടും സര്‍ക്കാരിനു വിട്ടുകൊടുക്കാന്‍ സന്നദ്ധമാണെന്നു ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് എം.ജെ. വിജയപദ്മന്‍ വ്യക്തമാക്കി.
2012ലെ ബജറ്റില്‍ പ്രഖ്യാപിച്ച വയനാട് മെഡിക്കല്‍ കോളജിനു മടക്കിമലയില്‍ 50 ഏക്കര്‍ ഭൂമി ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി സര്‍ക്കാരിനു വിട്ടുകൊടുത്തിരുന്നു. ഭൂമി മെഡിക്കല്‍ കോളജ് നിര്‍മാണത്തിനു മാത്രം ഉപയോഗപ്പടുത്തണമെന്നും സ്ഥാപനത്തിനു അന്തരിച്ച എം.കെ. ജിനചന്ദ്രന്റെ എം.കെ.ജിനചന്ദ്രന്റെ പേരിടണമെന്നും വ്യവസ്ഥ ചെയ്തയായിരുന്നു ഭൂദാനം. ട്രസ്റ്റ് വിട്ടുകൊടുത്ത 50 ഏക്കര്‍ സ്വീകരിച്ചും ഭൂമിയിലെ മരങ്ങള്‍ മുറിക്കാന്‍ ട്രസ്റ്റിനെ അനുവദിച്ചും 2015 ജനുവരി 24നു സര്‍ക്കാര്‍ ഉത്തരവായി. 2015 ജൂലൈ 12ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെഡിക്കല്‍ കോളജ് ശിലാസ്ഥാപനം നടത്തി. കല്‍പ്പറ്റ എസ്‌കെഎംജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു ചടങ്ങ്. ഇതിനു പിന്നാലെ കല്‍പ്പറ്റ-മാനന്തവാടി റോഡിലെ മുരണിക്കരയില്‍നിന്നു മെഡിക്കല്‍ കോളജ് ഭൂമിയിലേക്കുള്ള റോഡ് നിര്‍മാണവും ഭാഗികമായി പൂര്‍ത്തിയാക്കി. എന്നാല്‍ 2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മടക്കിമലയിലെ ഭൂമി മെഡിക്കല്‍ കോളജ് നിര്‍മാണത്തിനു ഉപയോഗപ്പെടുത്തേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചു. മടക്കിമലയിലെ ഭൂമി പ്രകൃതിദുരന്ത സാധ്യതാമേഖലയിലാണെന്നു പറഞ്ഞായിരുന്നു ഇത്. ഭൂമി മെഡിക്കല്‍ കോളജ് നിര്‍മാണത്തിനു ഉപയോഗപ്പെടുത്താത്ത സാഹചര്യത്തില്‍ തിരികെ കിട്ടുന്നതിനു ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഈ കേസില്‍ വാദത്തിനിടെ ഭൂമി ട്രസ്റ്റിനു വിട്ടുകൊടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്ഥലം 2020 ജനുവരി 20നു ട്രസ്റ്റിനു വിട്ടുകൊടുത്ത് ഹൈക്കോടതി ഉത്തരവായി. സംസ്ഥാന സര്‍ക്കാര്‍, റവന്യൂ സെക്രട്ടറി, ആരോഗ്യ-കുടുംബക്ഷേമ സെക്രട്ടറി, ജില്ലാ കളക്ടര്‍, മാനന്തവാടി സബ് കളക്ടര്‍, വൈത്തിരി തഹസില്‍ദാര്‍ എന്നിവര്‍ എതിര്‍കക്ഷികളായ കേസില്‍ ജസ്റ്റിസ് അനു ശിവരാമനാണ് വിധി പ്രസ്താവിച്ചത്.
മടക്കിമല ഭൂമിയില്‍ മെഡിക്കല്‍ കോളജ് നിര്‍മിക്കേണ്ടെന്നു തീരുമാനിച്ച സര്‍ക്കാര്‍ ചുണ്ടേലിനു സമീപം ഭൂമി കണ്ടെത്താനും മേപ്പാടി അരപ്പറ്റയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് വിലയ്ക്കുവാങ്ങി ഗവ.മെഡിക്കല്‍ കോളജാക്കാനും നീക്കം നടത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ത്തി ഉത്തരവിറക്കി. വടക്കേവയനാട്ടില്‍ മാനന്തവാടിയില്‍നിന്നു 13 കിലോമീറ്റര്‍ അകലെ ബോയ്സ്ടൗണില്‍ ഗ്ലെന്‍ലെവന്‍ എസ്റ്റേറ്റില്‍ നിന്നു മുന്‍പ് ഏറ്റെടുത്ത 65 ഏക്കര്‍ മെഡിക്കല്‍ കോളജ് നിര്‍മാണത്തിനു പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ ഏറ്റവും ഒടുവില്‍ തീരുമാനിച്ചത്. ബോയ്‌സ് ടൗണിലെ ഭൂമി മെഡിക്കല്‍ കോളജിനു അനുവദിച്ച് 2022 മാര്‍ച്ച് 19നു ഉത്തരവും പുറപ്പെടുവിച്ചു.
ജില്ലയുടെ മിക്ക ഭാഗങ്ങളിലുമുള്ളവരെ സംബന്ധിച്ചടത്തോളം വിദൂര പ്രദേശമാണ് ബോയ്‌സ് ടൗണ്‍. ഇവിടെ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിലെ ഔചിത്യം ചോദ്യംചെയ്തും മടക്കിമലയിലെ ഭൂമിയിയില്‍ സ്ഥാപനം യാഥാര്‍ഥ്യമാക്കണമെന്നു ആവശ്യപ്പെട്ടും നിലവില്‍ വന്നതാണ് ആക്ഷന്‍ കമ്മിറ്റി. മെഡിക്കല്‍ കോളജിനുള്ള നിര്‍മാണങ്ങള്‍ മടക്കിമലയില്‍ നടത്തിക്കുന്നതിനു അധികാര കേന്ദ്രങ്ങളില്‍ സമ്മര്‍ദം ചെലുത്താനും സമര പരിപാടികള്‍ സംഘടിപ്പിക്കാനും ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിരിക്കെയാണ് ഭൂമിയുടെ ഉടമാവകാശം നിലവില്‍ സര്‍ക്കാരിനു അല്ലെന്നു അറിഞ്ഞത്. ഈ സാഹചര്യത്തിലാണ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ചന്ദ്രപ്രഭ ട്രസ്റ്റ് പ്രസിഡന്റിനെ സന്ദര്‍ശിച്ച് ഭൂ ലഭ്യത ഉറപ്പുവരുത്തിയത്. നേരത്തേ പറഞ്ഞ അതേ ഉപാധികള്‍ പ്രകാരം മെഡിക്കല്‍ കോളജ് നിര്‍മിക്കുമെന്നുണ്ടെങ്കില്‍ ഭൂമി വീണ്ടും സര്‍ക്കാരിനു വിട്ടുകൊടുക്കാന്‍ തയാറാണെന്നാണ് ട്രസ്റ്റ് പ്രസിഡന്റ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളെ അറിയിച്ചത്.

0Shares

Leave a Reply

Your email address will not be published.

Social profiles