രാജ്യത്തിന്റെ സാമൂഹികഘടന മാറ്റാന്‍ ആസൂത്രിത ശ്രമം: റവന്യൂ മന്ത്രി കെ.രാജന്‍

സി.പി.ഐ വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കല്‍പറ്റയില്‍ ചേര്‍ന്ന പൊതുസമ്മേളനം റവന്യൂ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യന്നു.

കല്‍പറ്റ: രാജ്യത്തിന്റെ സാമൂഹികഘടന മാറ്റാന്‍ സംഘപരിവാര്‍ ആസൂത്രിത ശ്രമം നടത്തുന്നതായി റവന്യൂ മന്ത്രി കെ.രാജന്‍. സി.പി.ഐ വയനാട് ജില്ലാ സമ്മേളത്തിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വിഭജന രാഷ്ട്രീയം പ്രയോഗിക്കുകയാണ് സംഘപരിവാര്‍. ഹിന്ദി-ഹിന്ദുസ്ഥാന്‍ എന്ന അപകടകരമായ മുദ്രാവാക്യമാണ് ഇക്കൂട്ടര്‍ ഉയര്‍ത്തുന്നത്. കേന്ദ്ര മന്ത്രിസഭയെ പോലും വിശ്വാസത്തിലെടുക്കാതെയാണ് സംഘപരിവാര്‍ രാജ്യത്തെ നിയന്ത്രിക്കുന്നത്. തെറ്റായ നയങ്ങള്‍ക്കെതിരേ ബദല്‍ ഉയര്‍ത്തുന്ന സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം നിരന്തരം വേട്ടയാടുകയാണ്. ഇതിനെതിരേ ജനകീയ പ്രതിരോധം ഉയര്‍ന്നുവരുമെന്നും മന്ത്രി പറഞ്ഞു.
സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ.ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം പി.പി.സുനീര്‍, ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, സംസ്ഥാന സമിതിയംഗം പി.കെ.മൂര്‍ത്തി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.എസ്.സ്റ്റാന്‍ലി സ്വാഗതവും ടി.മണി നന്ദിയും പറഞ്ഞു.
ലളിത്മഹല്‍ ഓഡിറ്റോറിയത്തിലാണ് ത്രിദിന ജില്ലാ സമ്മേളനം. പതാക, കൊടിമരം, ബാനര്‍ ജാഥകള്‍ കനറ ബാങ്ക് പരിസരത്ത് സംഗമിച്ച് വൈകുന്നേരമാണ് സമ്മേളനനഗരിയില്‍(എല്‍.സോമന്‍ നായര്‍ നഗര്‍)എത്തിയത്. തുടര്‍ന്ന് സംസ്ഥാന സമിതി അംഗം പി.കെ.മൂര്‍ത്തി പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം ഇന്നു രാവിലെ 10നു വി.ജോര്‍ജ് നഗറില്‍ ദേശീയ സെക്രട്ടേറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യും. ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.ഇ. ഇസ്മയില്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ സത്യന്‍ മൊകേരി, പ്രകാശ് ബാബു, മന്ത്രി കെ.രാജന്‍, സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ എന്‍. രാജന്‍, അഡ്വ.പി.വസന്തം, പി.പി.സുനീര്‍ എന്നിവര്‍ പങ്കെടുക്കും. ആറ് മണ്ഡലം കമ്മിറ്റികളില്‍നിന്നുള്ള 250 പേര്‍ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും. നാളെ ജില്ലാ കൗണ്‍സില്‍, ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles