ബസ്റ്റാന്റില്ലാതെ വൈത്തിരി; ഇരുനില കെട്ടിടം തകര്‍ന്നിട്ട് നാല് വര്‍ഷം

വൈത്തിരി: വൈത്തിരി ബസ്സ്റ്റാന്റ് തകര്‍ന്ന് നാല് വര്‍ഷമായിട്ടും പുനര്‍നിര്‍മ്മിക്കാന്‍ നടപടിയായില്ല. 2018ലെ പ്രളയത്തില്‍ തകര്‍ന്നതാണ് ഇവിടെത്തെ ഇരുനിലയുള്ള പഞ്ചായത്ത് കെട്ടിടം. ഈ കെട്ടിടത്തിലായിരുന്നു യാത്രക്കാര്‍ക്കും ഇവിടെത്തുകാര്‍ക്കും ആശ്രയമായിരുന്ന ടോയിലറ്റ് സൗകര്യവും ക്ലോക് റൂമുമുണ്ടായിരുന്നത്. പ്രളയത്തിനു ശേഷമാണ് ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ റോഡ് ദേശീയ പാത വീതികൂട്ടുന്നതിന്റെ ഭാഗമായി വെട്ടിപ്പൊളിച്ചത്. പിന്നീട് രണ്ടു വര്‍ഷമായിട്ട് ബസുകള്‍ സ്റ്റാന്റിലേക്ക് പ്രവേശിക്കാറില്ല. നിലവില്‍ ഇവിടെ ഓട്ടോ സ്റ്റാന്റ് ആക്കി മാറ്റിയിരിക്കുകയാണ്. മുമ്പ് ഓട്ടോകള്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഭാഗത്താണ് ബസ്സുകള്‍ നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നു. യാത്രക്കാരുടെ നിരന്തര ആവിശ്യത്തെ തുടര്‍ന്ന് സ്റ്റാന്റിന് മുമ്പില്‍ കോഴിക്കോട് ഭാഗത്തേക്കും കല്പറ്റ ഭാഗത്തേക്കും പോകുന്ന സൈഡ് ഭാഗങ്ങളില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വൈത്തിരി പഞ്ചായത്ത് മുന്‍കൈ എടുത്ത് നിര്‍മ്മിച്ചിട്ടുണ്ട്.
എന്നാല്‍ കോഴിക്കോട് ഭാഗത്തേക്ക് രണ്ട് ബസുകള്‍ ഒരുമിച്ചു വന്നാല്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. മുമ്പിലുള്ള ബസ്‌സ്റ്റോപ്പില്‍ നിര്‍ത്തിയാല്‍ പിന്നില്‍ നിന്ന് വരുന്ന ബസ് പലപ്പോഴും ഈ സ്റ്റോപ്പില്‍ നിര്‍ത്താത്ത അവസ്ഥയാണ്. ലക്ഷങ്ങള്‍ ചിലവഴിച്ചാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്റ്റാന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പാര്‍ക്കിംഗിനു ആവിശ്യമായ സൗകര്യം ബസ്സുകള്‍ക്കും വിശാലമായ ഇരിപ്പിടം യാത്രക്കാര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ റോഡ് വികസനം കഴിഞ്ഞ ശേഷം ബസ് സ്റ്റാന്റ് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ മുന്നോട്ട് വരാത്തതാണ് ഇപ്പോള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുന്നത്. സ്റ്റാന്റിന് മുമ്പില്‍ ബസ്സുകള്‍ നിര്‍ത്തുന്നതിനാല്‍ വൈത്തിരി അങ്ങാടിയില്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്.

റിപ്പോര്‍ട്ട്: ജുനൈദ് വൈത്തിരി

0Shares

Leave a Reply

Your email address will not be published.

Social profiles