റേഷന്‍: അനര്‍ഹര്‍ പുറത്താകും

കല്‍പറ്റ: അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നവരെ കണ്ടെത്തുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷന്‍ യെല്ലോ’ പദ്ധതി ജില്ലയില്‍ തുടങ്ങി. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പൊതു വിതരണ വകുപ്പിന്റെ മൊബൈല്‍ നമ്പര്‍, ടോള്‍ ഫ്രീ (മൊബൈല്‍ നമ്പര്‍ 9188527301, ടോള്‍ ഫ്രീ 1967) നമ്പറുകളിലും ജില്ലാ സപ്ലൈ ഓഫീസ് നമ്പറിലും (04936 202273) അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പങ്കുവയ്ക്കാം. വിവരങ്ങള്‍ നല്‍കുന്ന വ്യക്തിയുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. 2013ലെ ഭക്ഷ്യ ഭദ്രതാ നിയമം അനുസരിച്ച് കേരളത്തില്‍ 92.61 ലക്ഷം കാര്‍ഡുടമകളില്‍ 43.94 ശതമാനം റേഷന്‍ കാര്‍ഡ് ഉടമകളെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ വകുപ്പ് നടത്തിയ പരിശോധനകളില്‍ മുന്‍ഗണനാ വിഭാഗത്തില്‍ അനര്‍ഹരായ നിരവധി ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തിയിരുന്നു. പകരം 2.54 ലക്ഷത്തോളം പുതിയ കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ജില്ലയില്‍ നിലവില്‍ 1,98,092 റേഷന്‍ കാര്‍ഡുടമകളുണ്ട്. ഇതില്‍ 1,01,717 പേര്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്നവരാണ്. ജൂലൈ 30 വരെയുള്ള കണക്ക് പ്രകാരം സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സ്വമേധയാ സറണ്ടര്‍ ചെയ്തതും പരിശോധന വഴിയും 2,421 കാര്‍ഡുടമകള്‍ പൊതു വിഭാഗത്തിലേക്ക് മാറി. അനര്‍ഹമായി മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിക്കാന്‍ സമയം നല്‍കിയിട്ടും വളരെ കുറച്ചുപേര്‍ മാത്രമാണ് അവസരം വിനിയോഗിച്ചത്. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചവര്‍ക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഭക്ഷ്യ, പൊതുവിതരണ വകുപ്പ്.

0Shares

Leave a Reply

Your email address will not be published.

Social profiles