ആദിശക്തി സമ്മര്‍ സ്‌കൂള്‍ വിദ്യാഭ്യാസ-തൊഴില്‍ അവകാശ പത്രിക മെയ് 13നു സമര്‍പ്പിക്കും

കല്‍പറ്റ: ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ 2015 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന വിദ്യാര്‍ഥി കൂട്ടായ്മയായ ആദിശക്തി സമ്മര്‍ സ്‌കൂള്‍ സര്‍ക്കാരിനു വിദ്യാഭ്യാസ-തൊഴില്‍ അവകാശ പത്രിക സമര്‍പ്പിക്കും. മെയ് 13,14 തീയതികളില്‍ തിരുവനന്തപുരത്ത് നടത്തുന്ന ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടനം, ഒപ്പറ-2022 സാംസ്‌കാരികോത്സവം എന്നിവയോടനുബന്ധിച്ചാണ് പത്രിക സമര്‍പ്പിക്കുകയെന്നു ഗോത്രമഹാസഭ കോ ഓര്‍ഡിനേറ്റര്‍ എം.ഗീതാനന്ദന്‍, ആദിശക്തി സമ്മര്‍ സ്‌കൂള്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കെ.മേരി ലിഡിയ, ചെയര്‍പേഴ്‌സണ്‍ പി.വി.രജനി, ഹെല്‍പ് ഡെസ്‌ക് കോ ഓര്‍ഡിനേറ്റര്‍ സി.മണികണ്ഠന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പത്രികയുടെ പകര്‍പ്പ് മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, വിവിധ വകുപ്പ് ഡയറക്ടര്‍മാര്‍ എന്നിവര്‍ക്കു നല്‍കും.
യു.ജി-പി.ജി പ്രവേശന നടപടിക്രമത്തില്‍ എസ്.സി-എസ്.ടി വിഭാഗത്തിന് സ്‌പെഷ്യല്‍ അലോട്ട്‌മെന്റിനുള്ള വ്യവസ്ഥകളുണ്ടാക്കുക, യു.ജി-പി.ജി കോഴ്‌സുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതുമുതല്‍ എല്ലാ ഫീസുകളും സര്‍ക്കാര്‍ നല്‍കുക, മുഴുവന്‍ ഫീസുകളും ഇ ഗ്രന്റ്‌സിന്റെ പരിധിയില്‍ കൊണ്ടുവരിക, എസ്.സി-എസ്.ടി വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ നല്‍കുക, കോളേജുകളില്‍ ഹോസ്റ്റല്‍ സൗകര്യം നിര്‍ബന്ധിതമാക്കുക, എല്ലാ നഗരകേന്ദ്രങ്ങളിലും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ ആരംഭിക്കുക, പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യൂനിവേഴ്‌സിറ്റികളിലും എസ്.സി-എസ്.ടി ഡിപ്പാര്‍ട്ട്‌മെന്റിലും ലെയ്‌സണ്‍ ഓഫീസര്‍മാരെ നിയമിക്കുക, എസ്.സി-എസ്.ടി സീറ്റുകള്‍ ഇതര വിഭാഗങ്ങള്‍ക്ക് കൈമാറുന്നത് കുറ്റകരമാക്കുക, ജീവിതച്ചെലവും ഡിജിറ്റല്‍ ചെലവും കണക്കിലെടുത്ത് ഹോസ്റ്റല്‍ അലവന്‍സും മറ്റും വര്‍ധിപ്പിക്കുക, ഇ ഗ്രന്റ്‌സ് വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കുക, യു.ജി-പി.ജി കോഴ്‌സുകളില്‍ പ്രവേശനം നേടുന്നവര്‍ക്ക് അധ്യയനവര്‍ഷത്തില്‍ സാമ്പത്തിക പാക്കേജ് അനുവദിക്കുക, വയനാട് അട്ടപ്പാടി തുടങ്ങിയ മേഖലകളില്‍ പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കുക, ഡിജിറ്റല്‍ സൗകര്യമുള്ള ഊരുതല-വാര്‍ഡുതല പഠനകേന്ദ്രങ്ങള്‍ ആരംഭിക്കുക, ഗോത്രവര്‍ഗ മന്റ്ര്‍ ടീച്ചര്‍മാര്‍ക്ക് സ്ഥിരനിയമനം നല്‍കുക, സോഷ്യല്‍ വര്‍ക്കര്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിനു പകരം യോഗ്യതയുള്ള എസ്.സി-എസ്.ടി യുവതീയുവാക്കള്‍ക്കു വെല്‍ഫെയര്‍ ഓഫീസര്‍/കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ഓഫീസര്‍ തസ്തിക സൃഷ്ടിച്ച് സ്ഥിരനിയമനം നടത്തുക, വെല്‍ഫെയര്‍ അസിസ്റ്റന്റ് തസ്തിക സൃഷ്ടിച്ച് പ്രായപരിധി കണക്കിലെടുക്കാതെ പ്രമോട്ടര്‍മാര്‍ക്ക് സ്ഥിരനിയമനം നല്‍കുക, എയ്ഡഡ് മേഖലയിലെ ജാതി വിവേചനം അവസാനിപ്പിക്കുക, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് പുനഃസ്ഥാപിക്കുക, പിന്നാക്കം നില്‍ക്കുന്ന വേടന്‍, നായാടി, ചക്‌ളിയ തുടങ്ങിയ വിഭാഗങ്ങള്‍ക്കായി വിദ്യാഭ്യാസ-തൊഴില്‍ പാക്കേജ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് പത്രിക.
ഓണ്‍ലൈന്‍ സൗകര്യമില്ലാത്തവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായ ആദിവാസി-ദളിത് വിദ്യാര്‍ഥികള്‍ക്ക് വിവിധ കോഴ്‌സുകളില്‍ പ്രവേശനം ലഭ്യമാക്കുന്നതിനു വിഭാവനം ചെയ്തതാണ് ഹെല്‍പ് ഡെസ്‌ക്. കഴിഞ്ഞ വിദ്യാഭ്യാസവര്‍ഷം വയനാട്, അട്ടപ്പാടി തുടങ്ങിയ മേഖലകളിലെ 215 വിദ്യാര്‍ഥികള്‍ക്ക് ഹെല്‍പ് ഡെസ്‌ക് സഹായം നല്‍കി. വയനാട്ടിലെ 65 വിദ്യാര്‍ഥികള്‍ കൊച്ചിയിലും മറ്റു നഗരങ്ങളിലുമുള്ള കോളേജുകളില്‍ പ്രവേശനം നേടി. ഈ വര്‍ഷത്തെ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തന ഉദ്ഘാടനമാണ് തിരുവനന്തപുരത്ത് നടത്തുക. വിദ്യാഭ്യാസ വിദഗ്ധര്‍, അധ്യാപകര്‍, സാമൂഹികപ്രവര്‍ത്തകര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചു സെമിനാറും സംഘടിപ്പിക്കും.

Leave a Reply

Your email address will not be published.

Social profiles