പി.സി.ജോര്‍ജിനെ അറസ്റ്റുചെയ്തത് വര്‍ഗീയശക്തികളെ തൃപ്തിപ്പെടുത്താന്‍-കെ.സുരേന്ദ്രന്‍

കല്‍പറ്റ: വര്‍ഗീയ ശക്തികളെയും മത ഭീകരവാദ സംഘടനകളെയും തൃപ്തിപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പി.സി.ജോര്‍ജിനെ അറസ്റ്റു ചെയ്തതെന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കല്‍പറ്റയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗിന്റെ പരാതിയിലാണ് ജോര്‍ജിനെതിരെ കേസ്. വര്‍ഗീയ സംഘടനകള്‍ പറഞ്ഞാലുടന്‍ കേസെടുക്കുന്ന സര്‍ക്കാര്‍ മുസ്‌ലിം മതമൗലികവാദ ശക്തികളുടെ താല്‍പര്യത്തിനു അനുസരിച്ചു പ്രവര്‍ത്തിക്കുകയാണ്. ഇത് തുല്യനീതി എന്ന സമീപനത്തിനു വിരുദ്ധമാണ്. പി.സി.ജോര്‍ജ് ഭീകരവാദിയോ കൊള്ളക്കാരനോ അല്ല. അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന സ്വഭാവക്കാരനാണ് അദ്ദേഹം. ഇത്തരത്തിലുള്ള പ്രസംഗം വര്‍ഷങ്ങള്‍ മുമ്പു വി.എസ്.അച്യുതാനന്ദനും നടത്തിയിട്ടുണ്ട്.
ഇസ്‌ലാമിക തീവ്രവാദ സംഘടനകള്‍ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും എന്തുപറഞ്ഞലും ഉടന്‍ അറസ്റ്റാണ്. ഇതുതന്നെയാണ് പാലാ ബിഷപിന്റെ കാര്യത്തിലും സംഭവിച്ചത്. പാലാ ബിഷപ് പറഞ്ഞതിനേക്കാള്‍ വലിയ വിദ്വേഷ പ്രാചരണം മുസ്‌ലിം മതപണ്ഡിതര്‍ നടത്തുന്നുണ്ട്. വൈകുന്നേരങ്ങളിലെ അവരുടെ പ്രസംഗങ്ങള്‍ ആരും പരിശോധിക്കുന്നില്ല. മതപ്രസംഗങ്ങളില്‍ ഉടനീളം ഇതരമതദ്വേഷം പ്രചരിപ്പിക്കുകയാണ്.പച്ചയായ വര്‍ഗീയത പറയുന്നവര്‍ക്കെതിരെ കേസില്ല. ഇത് വിവേചനമാണ്. ഇക്കാര്യത്തില്‍ ബി.ജെ.പിക്കു ശക്തമായ പ്രതിഷേധമുണ്ട്. ജോര്‍ജിനോടു കാട്ടിയതു മര്യാദരാഹിത്യമാണ്.
ജോര്‍ജിന്റെ അറസ്റ്റ് വിവേചനവും ഇരട്ടനീതിയുമാണ്. അദ്ദേഹത്തെ രാവിലെ അസമയത്ത് വീട്ടില്‍നിന്നു അറസ്റ്റുചെയ്യേണ്ട ഒരു സാഹചര്യവും ഇപ്പോള്‍ കേരളത്തിലില്ല. വലിയ ഭീകര പ്രസ്താവനകള്‍ നടത്തിയ ആളുകളില്‍ ആരെയും ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല. ഹിന്ദുക്ഷേത്രങ്ങളില്‍ സംഭാവന കൊടുക്കുന്നതു വ്യഭിചാരത്തിനു തുല്യമാണെന്ന നീചമായ പ്രസ്താവന നടത്തിയ മതപണ്ഡിതനെതിരെ കേസില്ല. വിദ്വേഷ പ്രാചരണം നടത്തിയ എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍, ഒ.അബ്ദുല്ല എന്നിവര്‍ക്കെതിരെ കേസുമില്ല, അറസ്റ്റുമില്ല.
പി.സി.ജോര്‍ജിനെ കൈയേറ്റം ചെയ്യാന്‍ പോപ്പുലര്‍ ഫ്രണ്ടോ ഡി.വൈ.എഫ്.ഐയെ ശ്രമിച്ചാല്‍ ബി.ജെ.പി അദ്ദേഹത്തെ സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കും. ആവശ്യമില്ലാത്ത പ്രശ്‌നങ്ങളിലേക്കു പോകാന്‍ ആരും ശ്രമിക്കേണ്ട. ജോര്‍ജ് പറഞ്ഞതിലും വലിയ വിദ്വേഷ-വര്‍ഗീയ പ്രസ്താനനകള്‍ മുസ്‌ലിം പണ്ഡിതന്‍മാരും വര്‍ഗീയ ശക്തികളും നടത്തുന്നുണ്ട്. അതിനെ സര്‍ക്കാര്‍ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജോര്‍ജിന്റെ പ്രസംഗത്തിനിടെ നടത്തിയ ചില പരാമര്‍ശങ്ങളിലെ അനൗചിത്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളോടു സുരേന്ദ്രന്‍ പ്രതികരിച്ചില്ല.

Leave a Reply

Your email address will not be published.

Social profiles