പൂതാടി പഞ്ചായത്ത് ദേശീയ പുരസ്‌കാരം തിരികെ നല്‍കണം-പ്രശാന്ത് മലവയല്‍

പൂതാടി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ബി.ജെ.പി ധര്‍ണ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് പ്രശാന്ത് മലവയല്‍ ഉദ്ഘാടനം ചെയ്യുന്നു.

കേണിച്ചിറ: 2015-2020ല്‍ സി.പി.എം നേതാവ് രുക്മിണി സുബ്രഹ്‌മണ്യന്‍ പ്രസിഡന്റായിരിക്കെ ലഭിച്ച ദേശീയ പുരസ്‌കരം പൂതാടി പഞ്ചായത്ത് തിരികെ നല്‍കണമെന്നു ബി.ജെ.പി വയനാട് ജില്ലാ വൈസ് പ്രസിഡന്റ് പ്രശാന്ത് മലവയല്‍. രുക്മിണി പഞ്ചായത്ത് ഭരണത്തിനു നേതൃത്വം നല്‍കിയ കാലയളവില്‍ അങ്കണവാടി പോഷകാഹാര വിതരണ പദ്ധതി നിര്‍വഹണത്തില്‍ നടന്ന ക്രമക്കേട് സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തിയ പശ്ചാത്തലത്തില്‍ പാര്‍ട്ടി പൂതാടി, ഇരുളം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് കാര്യാലയത്തിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൂതാടിയില്‍ നടപ്പിലാക്കിയ പല പദ്ധതികളിലും അഴിമതി പ്രകടമാണ്. ആദിവാസികള്‍ക്കായുള്ള കുടിവെള്ള പദ്ധതി, വാട്ടര്‍ ടാങ്ക് വിതരണം, വയോജനങ്ങള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കുമുള്ള കമ്പിളി വിതരണം, ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണം എന്നിവ അഴിമതിയില്‍ മുങ്ങി. മതിയായ രേഖകളില്ലാതെ കെട്ടിട നിര്‍മാണത്തിനു അനുമതി നല്‍കി. ഇതെല്ലാം ഓഡിറ്റില്‍ കണ്ടെത്തിയിട്ടുണ്ട്. അഴിമതികള്‍ സി.പി.എം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്നു സംശയിക്കണം. ജനാധിപത്യ ധാര്‍മികത നിരന്തരം പ്രസംഗിക്കുന്ന സി.പി.എം നേതാക്കള്‍ ആര്‍ജവമുണ്ടെങ്കില്‍ രുക്മിണി സുബ്രഹ്‌മണ്യനോടു നിലവിലെ പഞ്ചായത്ത് ഭരണസമിതിയംഗത്വം രാജിവെക്കാന്‍ ആവശ്യപ്പെടണം.പഞ്ചായത്തില്‍ പദ്ധതികളുടെ നടത്തിപ്പില്‍ നടന്ന ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷണത്തിനു വിധേയമാക്കണം. ക്രമക്കേടുകളിലും അഴിമതികളിലും ഇടതു, വലതു മുന്നണികള്‍ക്കു തുല്യ ഉത്തരവാദം ഉണ്ടെന്നും പ്രശാന്ത് പറഞ്ഞു.
ബി.ജെ.പി പൂതാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സ്മിത സജി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സിനിഷ് വാകേരി, ഉണ്ണികൃഷ്ണന്‍ മാവറ, പ്രകാശന്‍ നെല്ലിക്കര, മിനി ശശി, തങ്കമണി ഇരുളം, ഷിബി ഇരുളം, മുരളീധരന്‍ വരദൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles