മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യ; ജനരോഷം ഇരമ്പുന്നു

*വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടിനു ബാങ്ക് ശാഖയിലേക്കു സര്‍വകക്ഷി മാര്‍ച്ച്

പുല്‍പള്ളി: ഭവന വായ്പ കുടിശിക തിരിച്ചുപിടിക്കുന്നതിനു ധനകാര്യ സ്ഥാപനം നടത്തിയ കര്‍ശന നീക്കത്തില്‍ മനംനൊന്ത് കല്‍പറ്റ കോടതിയിലെ മുന്‍ അഡീഷണല്‍ ഗവ.പ്ലീഡറും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായ ഇരുളം മുണ്ടോട്ടുചുണ്ടയില്‍ ടോമി(56) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജനരോഷം ഇരമ്പുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികാരികളുടെ ദയാശൂന്യമായ സമീപനമാണ് ടോമിയെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് ഇരുളം നിവാസികളുടെ വിലയിരുത്തല്‍. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുല്‍പള്ളി ശാഖയില്‍നിന്നാണ് പത്തു വര്‍ഷം മുമ്പ് ടോമി വായ്പയെടുത്തത്. ടോമിയുടെ ആത്മഹത്യക്കു കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്നു ഇരുളത്ത് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. പൂതാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്.പ്രഭാകരന്‍ പ്രസിഡന്റും സി.പി.എം ഇരുളം ലോക്കല്‍ സെക്രട്ടറി പി.എം.ഷാജഹാന്‍ കണ്‍വീനറുമായാണ് കമ്മിറ്റി രൂപീകരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു ബാങ്ക് ശാഖയിലേക്ക് മാര്‍ച്ച് നടത്താന്‍ ആക്ഷന്‍ കൗണ്‍സില്‍ തീരൂമാനിച്ചു. വെള്ളിയാഴ്ച രാവിലെ 11നു ഇരുളം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയിലാണ് ടോമിയുടെ സംസ്‌കാരം.
വീട്ടിലെ കിടപ്പുമുറിയില്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ വ്യാഴാഴ്ച രാവിലെയാണ് ടോമിയെ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി വീട്ടില്‍ ടോമി മാത്രമാണ് ഉണ്ടായിരുന്നത്. ഭാര്യ പുഷ്പയെ പാട്ടവയലിലെ പിതൃഗൃഹത്തിലേക്കു പറഞ്ഞുവിട്ടിരുന്നു. രണ്ടു പെണ്‍മക്കളില്‍ ഒരാള്‍ വിവാഹിതയാണ്. മറ്റൊരാള്‍ വിദ്യാര്‍ഥിനിയാണ്.
ബാങ്കിന്റെ കണക്കനുസരിച്ചു 16 ലക്ഷം രൂപയാണ് ടോമിയുടെ കുടിശിക. ബാധ്യത തീര്‍ത്തില്ലെങ്കില്‍ സ്വത്ത് ജപ്തി ചെയ്യുമെന്നു ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ടോമി മൂന്നു ലക്ഷം രൂപ ബാങ്കില്‍ അടച്ചു. ഒരു ലക്ഷം രൂപയുടെ ചെക്കും നല്‍കി. വീടും സ്ഥലവും വിറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബാധ്യത തീര്‍ക്കാമെന്നും അറിയിച്ചു. അഞ്ചു സെന്റ് സ്ഥലവും വീടും മാത്രമാണ് ടോമിക്കും കുടുംബത്തിനുമുള്ളത്. കഴിഞ്ഞ ദിവസം ടോമിയുടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ മുഴുവന്‍ തുകയും ഉടന്‍ തിരിച്ചടയ്ക്കണമെന്നു ഭീഷണി സ്വരത്തില്‍ ശഠിച്ചു. ഇതോടെ മാനസികമായി തകര്‍ന്നതാണ് ജീവനൊടുക്കാന്‍ ടോമിക്കു പ്രേരണയായതെന്നു പ്രദേശവാസികള്‍ പറയുന്നു.
ബുധനാഴ്ച രാത്രി വൈകി സ്‌നേഹിതരില്‍ ചിലര്‍ ടോമിയെ ഫോണ്‍ ചെയ്‌തെങ്കിലും പ്രതികരണം ഉണ്ടായില്ല. വ്യാഴാഴ്ച രാവിലെ വീടിനു മുന്നിലെത്തി ഫോണ്‍ ചെയ്തപ്പോള്‍ അകത്തുനിന്നു റിംഗ് ടോണ്‍ കേട്ടു. ഇതില്‍ പന്തികേടുതോന്നി പരിസരവാസികള്‍ നടത്തിയ പരിശോധനയിലാണ് ടോമിയെ മരിച്ച നിലയില്‍ കണ്ടത്. ബത്തേരി ബാര്‍ അസോസിയേഷന്‍ അംഗമാണ് ടോമി. ബത്തേരി താലൂക്ക് ഗവ.ആശുപത്രിയില്‍ പോസ്റ്റു മോര്‍ട്ടം ചെയ്ത മൃതദേഹം വൈകുന്നേരം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

0Shares

Leave a Reply

Your email address will not be published.

Social profiles