സ്‌കൂള്‍ വിപണി പൊള്ളുന്നു

വൈത്തിരി: സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ രക്ഷിതാക്കളുടെ മനസ്സില്‍ ആശങ്കയേറ്റി സ്‌കൂള്‍ വിപണിയിലെ വിലക്കയറ്റം. നെയിം സ്ലിപ് മുതല്‍ യൂനിഫോമിന് വരെ വില കൂടിയതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് രക്ഷിതാക്കള്‍.
യൂനിഫോം തുണിത്തരങ്ങള്‍ക്ക് ഇത്തവണ മീറ്ററിന് 20 മുതല്‍ 40 രൂപ വരെ വര്‍ധനയുണ്ട്. സ്വകാര്യ സ്‌കൂളുകളില്‍ യൂനിഫോം തയ്ച്ചു നല്‍കുകയാണ്. 2,000 മുതല്‍ 5,000 രൂപ വരെയാണ് ഇതിന്റെ ചെലവ്. ഗതാഗതച്ചെലവ്, ഇന്ധനം, രാസവസ്തുക്കള്‍ എന്നിവയുടെ വിലവര്‍ധന, പ്രധാന ഉല്‍പാദക സ്ഥലമായ മുംബൈയിലെ പവര്‍കട്ട് എന്നിവ യൂനിഫോം തുണിയുടെ വില വര്‍ധനക്ക് കാരണമായതായി വ്യാപാരികള്‍ പറയുന്നു. നേരത്തേ 50 രൂപ മുതല്‍ മുകളിലേക്ക് പെന്‍സില്‍ ബോക്‌സുകള്‍ ലഭ്യമായിരുന്നു. ഇത് നൂറും ഇരുനൂറുമായാണ് വര്‍ധിച്ചിരിക്കുന്നത്. വാട്ടര്‍ ബോട്ടില്‍ വാങ്ങണമെങ്കില്‍ 250 രൂപയാകും. ചോറ്റുപാത്രത്തിനും കുറഞ്ഞത് 15 രൂപയുടെ വര്‍ധനയുണ്ടായതായി വ്യാപാരികള്‍ പറയുന്നു.
നോട്ട് ബുക്ക്, പെന്‍സില്‍, റബര്‍, ഷാര്‍പ്‌നര്‍ എന്നിവക്കെല്ലാം നേരിയ തോതില്‍ വില വര്‍ധിച്ചിട്ടുണ്ട്. ഇവയെല്ലാം പല നിലവാരത്തില്‍ പല വിലക്ക് ലഭിക്കുമെന്നതിനാല്‍ ഓരോരുത്തരും അവരവരുടെ ബജറ്റിന് ഒതുങ്ങുന്നവ മാത്രം തിരഞ്ഞെടുക്കുകയാണ്. ചെരിപ്പ്, ഷൂസ് എന്നിവക്കും വന്‍ തുക രക്ഷിതാക്കള്‍ മാറ്റിവെക്കേണ്ടി വരും. ഒന്നിലേറെ കുട്ടികള്‍ ഒരു വീട്ടില്‍ നിന്ന് സ്‌കൂളില്‍ പോകാനുണ്ടെങ്കില്‍ ചെലവ് പിന്നെയും വര്‍ധിക്കും. കുടകള്‍ക്കും വില കൂടുക തന്നെയാണ്. 390 രൂപ മുതല്‍ 500 രൂപ വരെയാണ് സാധാരണ കുടകള്‍ക്ക് വില. കാലന്‍കുടക്ക് 500 രൂപ മുതല്‍ മുകളിലേക്കും. വര്‍ണക്കുടകള്‍ 200 രൂപ മുതല്‍ ലഭിക്കും. ത്രീ ഫോള്‍ഡ് മുതല്‍ ഫൈവ് ഫോള്‍ഡര്‍ വരെ കുടകളുണ്ട്. ബാഗ് വാങ്ങണമെങ്കില്‍ 800 മുതല്‍ 1000 രൂപവരെ നല്‍കണമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. 400 രൂപ മുതല്‍ ബാഗുകള്‍ ലഭ്യമാണെങ്കിലും കുട്ടികളുടെ മനസ്സിന് ഇഷ്ടപ്പെടുന്നതിനെല്ലാം തീ വിലയാണ്. വില കൂടിയതോടെ, പഴയ ബാഗുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്.

റിപ്പോര്‍ട്ട്: ജുനൈദ് വൈത്തിരി

0Shares

Leave a Reply

Your email address will not be published.

Social profiles