കലിയടങ്ങാതെ കാട്ടാനക്കൂട്ടം; സഹികെട്ട് ജനങ്ങള്‍

വൈത്തിരി: കാട്ടാനകളുടെ പരാക്രമം അതിരൂക്ഷമായി തുടരുന്ന പൊഴുതന പഞ്ചായത്തിലെ മലയോരഗ്രാമങ്ങളില്‍ പുറത്തിറങ്ങാനും കൃഷി ചെയ്യാനും കഴിയാത്ത അവസ്ഥയില്‍ സഹികെട്ടിരിക്കുകയാണ് ജനങ്ങള്‍. കുറിച്യര്‍മല, വേങ്ങക്കോട, സുഗന്ധഗിരി തുടങ്ങിയ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായി തുടരുന്നതാണ് പ്രദേശവാസികള്‍ക്ക് ദുരിതമാവുന്നത്. കൃഷി നശിപ്പിക്കുന്നത് ഇവിടങ്ങളില്‍ പതിവായിക്കഴിഞ്ഞെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. തോട്ടം തൊഴിലാളികളും മലയോര കര്‍ഷകരും താമസിക്കുന്ന ദേശങ്ങളാണിത്. തരിയോട്, വൈത്തിരി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള സുഗന്ധഗിരി, പാറത്തോട് തേയിലത്തോട്ടങ്ങളോട് ചേര്‍ന്ന് താമസിക്കുന്നവര്‍ വന്യമൃഗങ്ങളുടെ കാടിറക്കംമൂലം ഭീതിയിലാണ് ജീവിക്കുന്നത്.
സ്വകാര്യ എസ്റ്ററേറ്റുകളിലും കൃഷിത്തോട്ടങ്ങളിലും ഇറങ്ങി കമുക്, വാഴ ഉള്‍പ്പെടെ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുകയാണ് കാട്ടാനകള്‍. പകല്‍ സമയം വന്യമൃഗശല്യം മൂലം ജോലിക്കു പോകാന്‍ കഴിയാത്ത സ്ഥിതിയാണ് തോട്ടം തൊഴിലാളികള്‍ക്ക്. രാത്രിയും പകലും വ്യത്യാസമില്ലാതെ ഏതു സമയത്തും ആനകള്‍ കൃഷിത്തോട്ടത്തിലിറങ്ങുന്നു. ഒച്ചയെടുത്തും പടക്കം പൊട്ടിച്ചുമാണ് ഇവയെ തുരത്തുന്നത്. പകല്‍സമയത്ത് കുരുമുളക് പറിക്കാനായി തോട്ടത്തിലേക്കിറങ്ങിയാല്‍ പലപ്പോഴും കാട്ടാനയുടെ മുന്നിലാണ് ചെന്നുപെടാറുളളതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ചില രാത്രികളില്‍ വീടിന്റെ മുറ്റത്തെത്തുന്ന ആന വാഴകള്‍ ഒടിച്ചിട്ട് തിന്ന് നേരം വെളുപ്പിക്കുംവരെ വീട്ടുപരിസരത്ത് നിലയുറപ്പിക്കും. ഇതിനാല്‍ രാത്രിയാവുന്നതോടെ ഭീതിയിലാണ് ഈ പ്രദേശത്തുകാര്‍. വിഷയത്തില്‍ വനം വകുപ്പ് അടിയന്തിരമായി ഇടപെടണമെന്ന ആവശ്യം ശക്തമായിക്കഴിഞ്ഞു.

റിപ്പോര്‍ട്ട്: ജുനൈദ് വൈത്തിരി

0Shares

Leave a Reply

Your email address will not be published.

Social profiles