ബസില്‍ വെച്ച് ശല്യം ചെയ്തയാളെ കായികമായി നേരിട്ട് വീട്ടമ്മ

പടിഞ്ഞാറത്തറ: സ്വകാര്യ ബസില്‍ മദ്യപിച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയയാളെ കായികമായി നേരിട്ട് വീട്ടമ്മ. മാനന്തവാടി പടിഞ്ഞാറത്തറ റൂട്ടിലെ സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന പനമരം സ്വദേശിയായ യുവതിയാണ് ശല്യം ചെയ്ത മദ്യപാനിയെ തല്ലിയത്. മദ്യപിച്ച് ബസില്‍ കയറി ശല്യം ചെയ്തതിനെ തുടര്‍ന്ന് കണ്ടക്ട്ടര്‍ ഇറക്കി വിട്ട ഇയാള്‍ സ്ത്രീകളെ വീണ്ടും അസഭ്യം പറഞ്ഞതിനെ തുടര്‍ന്നായിരുന്നു പനമരം സ്വദേശിയായ സന്ധ്യ ഇയാളെ ബസില്‍ നിന്നിറങ്ങി കൈകാര്യം ചെയ്തത്. സംഭവത്തിന്റെ ദ്യശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. യാത്രക്കിടെ പടിഞ്ഞാറത്തറയില്‍ വെച്ച് ബസ്സില്‍ തൊട്ടടത്ത് സീറ്റില്‍ കയറിയ ഇയാള്‍ മോശമായി സംസാരിക്കുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയുമായിരുന്നുവെന്ന് യുവതി പറഞ്ഞു. ആദ്യം അവഗണിച്ചെങ്കിലും ഇയാളുടെ പെരുമാറ്റം ദുസ്സഹമായതോടെ മറ്റ് സ്ത്രീകള്‍ ഇടപെടുകയും മദ്യപനെ ബസ്സില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. ബസ്സില്‍ നിന്ന് ഇറങ്ങിയ ഇയാള്‍ വീണ്ടും തന്റെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്തതോടെയാണ് സന്ധ്യ ഇയാളെ കായികമായി നേരിട്ടത്. മേലില്‍ ഒരു സ്ത്രീയോടും ഇത്തരത്തില്‍ പെരുമാറരുതെന്ന താക്കീതും നല്‍കിയാണ് സന്ധ്യ ഇതേ ബസ്സില്‍ യാത്ര തുടര്‍ന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles