കെ.എസ്.ആര്‍.ടി.സിയുടെ അവഗണന: ടി.സിദ്ദീഖ് എം.എല്‍.എ നിവേദനം നല്‍കി

കല്‍പറ്റ: വയനാടിനോടുള്ള കെ.എസ്.ആര്‍.ടി.സിയുടെ അവഗണന അവസാനിപ്പിക്കുന്നതിനു ടി.സിദ്ദീഖ് എം.എല്‍.എ ഗാതഗത മന്ത്രിക്കു നിവേദനം നല്‍കി. ജില്ലയിലെ സാധാരണക്കാരില്‍ ഭൂരിപക്ഷവും യാത്രയ്ക്കു കെ.എസ്.ആര്‍.ടി.സി ബസുകളെയാണ് ആശ്രയിക്കുന്നത്. ഉള്‍പ്രദേശങ്ങളില്‍ സ്വകാര്യ ബസ് സര്‍വീസ് നാമമാത്രമാണ്. വയനാട്ടിലേക്ക് മറ്റു ജില്ലകളില്‍നിന്നു സര്‍വീസ് നടത്തുന്നത് പത്ത് വര്‍ഷത്തോളം പഴക്കമുള്ള ബസുകളാണ്. രാത്രി ആവശ്യത്തിന് സര്‍വീസ് ഇല്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്.
ഡീസല്‍ കുറവിന്റെ പേരില്‍ കല്‍പറ്റ ഡിപ്പോയില്‍ മെയ് 26 മുതല്‍ നിരവധി ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചു. ഇതില്‍ ഉള്‍പ്രദേശങ്ങളിലേക്കുള്ള സര്‍വീസുകളും ദീര്‍ഘദൂര സര്‍വീസുകളും ഉള്‍പ്പെടും. കല്‍പറ്റ ഡിപ്പോ നിര്‍ത്തലാക്കാനുള്ള നീക്കവും നടക്കുന്നതായി സംശയിക്കണം. ദിവസങ്ങള്‍ മുന്‍പ് കല്‍പറ്റ ഡിപ്പോയില്‍നിന്നു ഏതാനും ജീവനക്കാരെ മാനന്തവാടിക്കു മാറ്റി.ഇതിനു പുറമേയാണ് ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചത്. കല്‍പറ്റയില്‍ കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനം ജനോപകാരപ്രദമല്ലാത്ത സ്ഥിതിയിലാണ്. ഡിപ്പോ നിര്‍ത്തലാക്കുന്നതു വിപരീതഫലങ്ങള്‍ക്കു കാരണമാകും.
മറ്റ് ജില്ലകളില്‍ നടത്തിയതുപോലുള്ള ഡിപ്പോ റദ്ദ് ചെയ്യലും ഏകീകരിക്കലും വയനാടിനു യോജിച്ചതല്ല. മറ്റിടങ്ങളില്‍നിന്നു വ്യത്യസ്തമാണ് ജില്ലയിലെ സാഹചര്യം. കല്‍പറ്റ ഡിപ്പോയിലെ വെട്ടിക്കുറച്ച സര്‍വീസുകള്‍ പുനഃസ്ഥാപിക്കണം. ഡീസല്‍ ലഭ്യത ഉറപ്പുവരുത്തണം. മാറ്റിയ ജീവനക്കാരെ ഡിപ്പോയില്‍ തിരിച്ചെത്തിക്കണം-നിവേദനത്തില്‍ പറയുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles