എന്‍ ഊര് പദ്ധതി രണ്ടാം ഘട്ടം സമര്‍പ്പണം ജൂണ്‍ നാലിന്

വൈത്തിരി: ആദിവാസി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ലക്കിടിയില്‍ നടപ്പിലാക്കുന്ന എന്‍ ഊര് പദ്ധതിയുടെ രണ്ടാം ഘട്ടം സമര്‍പ്പണം ജൂണ്‍ നാലിന് രാവിലെ 11നു മന്ത്രിമരായ കെ.രാധാകൃഷ്ണന്‍, പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ സംയുക്തമായി നിര്‍വഹിക്കും. ടി.സിദ്ദീഖ് എം.എല്‍.എ അറിയിച്ചതാണ് വിവരം. പരിപാടിയുടെ വിജയത്തിന് വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ് അധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ചു.
ആദിവാസികളുടെ തനത് ജീവിതവും സംസ്‌കാരവും പരിചയപ്പെടുത്താനുള്ള ബൃഹത് പദ്ധതിയായ ഗോത്ര പൈതൃകഗ്രാമം-എന്‍ ഊര് പദ്ധതിയുടെ ആദ്യഘട്ടം 2020 നവംബര്‍ നാലിനു അന്നത്തെ പട്ടികവര്‍ഗ വികസന മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിച്ചിരുന്നു.
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ സഹകരണ സംഘത്തിന്റെ കൈവശം ലക്കിടിയിലുള്ളതില്‍ 25 ഏക്കറിലാണ് എന്‍ ഊര് പദ്ധതി. ജില്ലയിലെ ഗോത്ര വിഭാഗങ്ങളുടെ സാംസ്‌കാരിക പൈതൃകത്തിന്റെയും പാരമ്പര്യ വിജ്ഞാനത്തിന്റെയും സംരക്ഷണം, പരിപോഷണം, പ്രചാരണം എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിദേശികളടക്കം സഞ്ചാരികളെ ആകര്‍ഷിക്കുകയും അതുവഴി ലഭിക്കുന്ന വരുമാനം പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനു ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്. ഗോത്ര വിഭാഗങ്ങളുടെ കരകൗശല വസ്തുക്കള്‍, പരമ്പരാഗത ഭക്ഷണം, ആഭരണങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയുടെ ഇടനിലക്കാരെ ഒഴിവാക്കിയുള്ള വിപണനവും പദ്ധതിയുടെ ഭാഗമാണ്.
മാനന്തവാടി സബ്കലക്ടറായിരുന്ന എന്‍.പ്രശാന്ത് 2012ല്‍ മുന്നോട്ടുവെച്ചതാണ് എന്‍ ഊര് പദ്ധതി. പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചു ട്രൈബല്‍ മാര്‍ക്കറ്റ്, ട്രൈബല്‍ കഫ്റ്റീരിയ, വെയര്‍ഹൗസ്, ഫെസിലിറ്റേഷന്‍ സെന്റര്‍, എക്സിബിഷന്‍ ഹാള്‍ എന്നിവയാണ് പ്രഥമ ഘട്ടത്തില്‍ പണിതത്. ടൂറിസം വകുപ്പിന്റെ ഫണ്ട് ചെലവഴിച്ച് ഓപന്‍ എയര്‍ തിയറ്റര്‍, ട്രൈബല്‍ ഇന്റര്‍പ്രെട്ടേഷന്‍ സെന്റര്‍, ഹെരിറ്റേജ് വാക്ക്‌വേ, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആര്‍ട് ആന്‍ഡ് ക്രാഫ്ട് വര്‍ക്ക്‌ഷോപ്പ് തുടങ്ങിയവയാണ് രണ്ടം ഘട്ടത്തില്‍ നിര്‍മിച്ചത്. 50 പേര്‍ക്കു നേരിട്ടും ആയിരത്തോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുന്നതാണ് ഗോത്ര പൈതൃക ഗ്രാമം.

റിപ്പോര്‍ട്ട്: മുഹമ്മദ് ജുനൈദ്.

0Shares

Leave a Reply

Your email address will not be published.

Social profiles